ന്യൂ ഡൽഹി: മേയ് 8-ന് രാത്രിയും 9-ന് പുലർച്ചെയും പാക്കിസ്ഥാൻ സൈന്യം ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയെന്ന് വാർത്താസമ്മേളനത്തിൽ ഇന്ത്യ. പാക്കിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തി. ഇന്ത്യയെ ആക്രമിക്കാനായി തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചു. 36 ഇടങ്ങളിൽ 300 മുതൽ 400 വരെ ഡ്രോണുകളുപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യയിലെ നാല് വ്യോമകേന്ദ്രൾ ലക്ഷ്യം വെച്ചു. ഇന്ത്യൻ സൈന്യം കൈനറ്റിക്, നോൺ കൈനറ്റിക് മാധ്യമങ്ങളിലൂടെ ഈ ഡ്രോണുകളിൽ ഭൂരിഭാഗവും തകർത്തു. സംഘര്‍ഷം സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പം കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും കാര്യങ്ങൾ വിശദീകരിച്ചു.
പാക്കിസ്ഥാന്റെ ആക്രമണത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്‌റ്റ് സ്‌കൂളിലിനു സമീപം പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിലാണ് വിദ്യാർഥികൾ കൊല്ലപ്പെട്ടത്. സ്കൂൾ അടച്ചിട്ടിരുന്നതിനാലാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്. രക്ഷിതാക്കൾക്കും പരുക്കുണ്ട്.
ഇന്ത്യ നൽകിയ തിരിച്ചടിയിൽ പാക്കിസ്ഥാൻ്റെ ഏരിയൽ റഡാർ തകർത്തുവെന്നും പാക് സൈന്യത്തിന് കനത്ത നാശമുണ്ടാക്കിയെന്നും സൈനിക വക്താക്കൾ വ്യക്തമാക്കി. ആക്രമണം നടക്കുന്ന സമയത്ത് സിവിലയൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമപാത തുറന്നുകൊടുത്തു. ഈ സമയത്ത് ദമ്മാമിൽ നിന്ന് ലാഹോറിലേക്ക് വിമാനമെത്തി. ഇന്ത്യയുടെ തിരിച്ചടിയിൽ സിവിലയൻ വിമാനങ്ങൾക്ക് നേരെ ആക്രമണമുണ്ടാകാനുള്ള ഗൂഡാലോചനയാണ് പാക്കിസ്ഥാൻ നടത്തിയത്. പാക്കിസ്ഥാൻ്റെ നീക്കം തിരിച്ചറിഞ്ഞാണ് ഇന്ത്യ പ്രതികരിച്ചത്. സിവിലിയൻ വിമാനങ്ങൾ മറയാക്കിയാണ് പാക്കിസ്ഥാൻ ഡ്രോണുകൾ ഇന്ത്യയിലേക്കു പറത്തിയതെന്നും സൈന്യം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വീണ്ടും ആക്രമണ ഭീഷണിയുമായി പാക്കിസ്ഥാന്‍; അതീവജാഗ്രതയിൽ അതിർത്തി സംസ്ഥാനങ്ങൾ