ന്യൂ ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അതിർത്തി സംരക്ഷണം പ്രതിരോധ മന്ത്രിയായ തൻ്റെ ഉത്തരവാദിത്തം ആണ്. മറുപടി നൽകേണ്ടതും തന്റെ ഉത്തരവാദിത്തമാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തീര്‍ച്ചയായും സംഭവിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്ന് രാജ്‌നാഥ് പറഞ്ഞു. ഇന്ത്യയുടെ ശക്തി അതിന്റെ സായുധ സേനയില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. സംസ്‌കാരത്തിലും ആത്മീയതയിലും കൂടിയാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. സംസ്‌കൃതി ജാഗരണ്‍ മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
ഇന്ത്യയ്ക്ക് പങ്കാളികളെ മതിയെന്നും ഉപദേശകരുടെ ആവശ്യമില്ലെന്നും യൂറോപ്യൻ രാജ്യങ്ങളോട് കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കർ. ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്നും സ്ഥിതി ഗുരുതരമാണെന്നുമുള്ള യൂറോപ്യൻ യൂണിയൻ വിദേശനയ വിഭാഗം മേധാവി കയ കലാസ് നടത്തിയ പരാമർശത്തിനു മറുപടിയായാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി ഇങ്ങനെ പറഞ്ഞത്. സ്വന്തം രാജ്യത്ത് നടപ്പാക്കാത്ത നയങ്ങളാണ് മറ്റു രാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ അതിര്‍ത്തിയില്‍ അതീവ ജാഗ്രതയിലാണ് ഇന്ത്യ. സൈന്യം ബങ്കറുകള്‍ സജജമാക്കി. വ്യോമസേന സൈനികശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ നിര്‍മിത മിസൈലുകളും എത്തിച്ചു. കര-നാവിക സേനകളും സജ്ജമായിക്കഴിഞ്ഞു. അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ കരസേന നടത്തി. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകൾ എല്ലാം അണച്ച് ബ്ലാക്ക് ഔട്ട് ഡ്രിൽ നടത്തിയത്. രാത്രി അരമണിക്കൂറോളം ലൈറ്റുകൾ അണയ്ക്കുകയും അടിയന്തര സാഹചര്യം വന്നാൽ നേരിടാനുള്ള തയ്യാറെടുപ്പുകൾ പരീക്ഷിക്കുകയും ചെയ്തു. പരിശീലനം പതിവ് തയ്യാറെടുപ്പിന്റെ ഭാഗമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ ദീപ്ശിഖ ശർമ്മ പറഞ്ഞു. അതീവ ജാഗ്രതയിലാണെന്നും ഏത് സാഹചര്യം വന്നാലും നേരിടാൻ സജ്ജമാണെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. അതിർത്തി സുരക്ഷാ സേന പട്രോളിംഗ് ശക്തമാക്കി. പഞ്ചാബ് പൊലീസ് മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രധാന സ്ഥലങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എയര്‍ ചീഫ് മാര്‍ഷല്‍ കൂടിക്കാഴ്ച നടത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തേ വിവിധ സേനാ മേധാവിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോഴത്തെ കൂടിക്കാഴ്ചയും എന്നാണ് വിവരം.
അതേസമയം, തിരിച്ചടി ഭീഷണിയിലാണ് പാക്കിസ്ഥാൻ. ഇന്ത്യയുമായി യുദ്ധമുണ്ടായാൽ പാക്കിസ്ഥാന് നാലു ദിവസത്തിൽ കൂടുതൽ പിടിച്ചുനിൽക്കാനാകില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പാക് സൈന്യത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഈ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നാലു ദിവസം മാത്രം ഇന്ത്യയെ പ്രതിരോധിക്കാനുള്ള നിർണായക ആയുധങ്ങൾ മാത്രമേ പാക്കിസ്ഥാന്റെ കൈവശമുള്ളൂവെന്നാണ് വിവരം. യുക്രെയ്‌നുമായുള്ള സമീപകാല ആയുധ ഇടപാടുകൾ കാരണം പാക്കിസ്ഥാൻ ആയുധങ്ങളുടെ ഗുരുതരമായ ക്ഷാമം നേരിടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സൈന്യത്തിന്റെ ആയുധ ക്ഷാമത്തെക്കുറിച്ച് കഴിഞ്ഞ ദിവസ നടന്ന പാക് സ്പെഷ്യൽ കോപ്‌സ് കമാൻഡേഴ്സ് യോഗത്തിൽ ചർച്ചയുയർന്നതായും വിവരമുണ്ട്. ദീർഘകാല സംഘർഷമുണ്ടായാൽ ഇന്ത്യയെ നേരിടാൻ പാക്കിസ്ഥാന്റെ പക്കൽ ആയുധങ്ങളോ സാമ്പത്തിക ശക്തിയോ ഇല്ലെന്ന് പാകിസ്ഥാൻ മുൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ തുറന്നു സമ്മതിക്കുകയും ചെയ്തു.