അവൾ..
ഇപ്പോഴും ചിരിക്കും
കാണുമ്പോഴേക്കെയും
നോക്കി നിൽക്കും
മിണ്ടിക്കൂടെ എന്ന് വെറുതെ കണ്ണിറുക്കും..
ഇടക്കൊക്കെ ഓർക്കാറുണ്ടെന്നു പറയും…
ഓർത്തോർത്ത്
ചിലപ്പോഴൊക്കെ
പ്രേമിച്ചാലോ എന്നു തോന്നാറുണ്ടെന്നു വെറുതെ നാണം കൊള്ളും..
ഞാനെന്തു ചെയ്യുമെന്നോ…?
എന്തു ചെയ്യാൻ..
ഞാനും ചിരിക്കും
കണ്ണിൽ പോലും പ്രണയമില്ലെന്നു കാണിക്കുന്ന ജാലം പുറത്തെടുക്കും..
അവൾ വിശ്വസിക്കുംവരെ
നെഞ്ച് പിടക്കാതെ പിടിച്ചുനിർത്തും
വെറുതെ പറഞ്ഞതാണെന്ന്
തലതാഴ്ത്തിയും കണ്ണിറുക്കിയും
അവൾ ചിരിച്ചെന്നു വരുത്തുമ്പോ ശ്വാസംവിടും
ഉയിരുംകൂടെ പോയേക്കുമെന്നു പേടിക്കുന്ന അത്രയും വലിയ
നിശ്വാസത്തിനു പുറകെ
ഞാൻ തളർന്നുവീഴും…
മണ്ണിലിരിക്കും..
മനസ്സിനെ മണലിലെഴുതും
നിങ്ങൾക്കത്
“ഞാനിപ്പോഴും സ്നേഹിക്കുന്നു”വെന്നു വായിക്കാം..
അവൾ വരുമ്പോൾ പക്ഷെ..
എപ്പോഴോ സ്നേഹിച്ചിരുന്നെന്നു
മാത്രം കാണുന്ന..
മറ്റൊരു ജാലമാണത്..!
ഷലീർ അലി