സംഘടനക്കെതിരെ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണ് ശ്രീശാന്തിന് നോട്ടീസ് നല്‍കിയതെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പില്‍ അറിയിച്ചു. ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.
കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ അപകീർത്തികരമായി കാര്യങ്ങള്‍ പറഞ്ഞത് കരാർ ലംഘനമാണ്. താരങ്ങളെ എന്നും സംരക്ഷിക്കുന്ന നിലപാടാണ് അസോസിയേഷൻ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യൻ ക്രിക്കറ്റിന്റെ കറുത്ത അദ്ധ്യായമായിരുന്ന വാതുവയ്‌പ്പില്‍ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലില്‍ കഴിയുന്ന സമയത്തും അസോസിയേഷൻ ഭാരവാഹികള്‍ അദ്ദേഹത്തെ സന്ദർശിക്കുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വാതുവയ്‌പ്പില്‍ ആരോപണം ശരിയാണെന്നു കണ്ടെത്തിയതോടെയാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.
പിന്നീട് ആജീവനാന്ത വിലക്ക് ബിസിസിഐ ഓംബുഡ്സ്മാൻ ഏഴു വർഷമായി കുറയ്‌ക്കുകയായിരുന്നു. കോടതി ക്രിമിനല്‍ കേസ് റദ്ദ് ചെയ്‌തെകിലും വാതുവയ്‌പ്പ് വിഷയത്തില്‍ കുറ്റവിമുക്തനായിട്ടില്ല എന്നത് വാസ്തവമാണ്. അത്തരത്തിലുള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല.
ശിക്ഷ കാലാവധി പൂർത്തിയാക്കിയ ശ്രീശാന്തിന് രഞ്ജി ട്രോഫി ഉള്‍പ്പടെ ഉള്ള മത്സങ്ങളില്‍ കെസിഎ വീണ്ടും അവസരങ്ങള്‍ നല്‍കിയത് അസോസിയേഷന്റെ സംരക്ഷകനിലപാടുകൊണ്ടുമാത്രമാണ്. വാതുവയ്‌പ്പില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങളോട് അവരുടെ അസോസിയേഷനുകള്‍ ഇങ്ങനെ അനുകൂല സമീപനമാണോ എടുത്തത് എന്നത് അന്വേഷിച്ചാല്‍ അറിയാവുന്നതാണ്.
ശ്രീശാന്ത് കേരള ക്ക്രിക്കറ്റ് ലീഗിന്റെ കമന്ററി പറയുന്ന വേളയില്‍ അസോസിയേഷൻ കളിക്കാർക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ വാനോളം പുകഴ്‌ത്തിയിരുന്നു. സഞ്ജു സാംസണ് ശേഷം ഇന്ത്യൻ ടീമില്‍ ആര് വന്നു എന്ന് ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണ്. സജ്ന സജീവന്‍, മിന്നുമണി, ആശ ശോഭന എന്നീ സീനിയര്‍ ദേശീയ താരങ്ങളെ കൂടാതെ വനിതാ ഇന്ത്യൻ അണ്ടർ 19 വേള്‍ഡ് കപ്പ് ജേതാക്കളുടെ ടീമില്‍ ജോഷിത വി.ജെ, അണ്ടർ 19 ടീമില്‍ നജ്‌ല സിഎംസി, പുരുഷ അണ്ടർ 19 ഏഷ്യാകപ്പ് ടീമില്‍ മുഹമ്മദ് ഇനാൻ എന്നിവർ സ്ഥാനം കണ്ടെത്തിയത് ശ്രീശാന്ത് അറിയാത്തത് കേരള ക്രിക്കറ്റിനെ കുറിച്ചുള്ള അറിവില്ലായ്‌മയായി കാണുന്നു.
അച്ചടക്കലംഘനം ആര് നടത്തിയാലും അനുവദിക്കാൻ സാധിക്കില്ല. അസോസിയേഷനെതിരെ കളവായ കാര്യങ്ങള്‍ പറഞ്ഞു അപകീർത്തി ഉണ്ടാക്കിയാല്‍ മുഖം നോക്കാതെ നടപടി എടുക്കുന്നതുമാണെന്നാണ് വാർത്താക്കുറിപ്പില്‍ കെസിഎ ചൂണ്ടിക്കാട്ടുന്നത്.