ഐസിസിയുടെ 2024-ലെ ഏറ്റവും മികച്ച താരമായി ഇന്ത്യയുടെ പേസ് ഗൺ ജസ്പ്രീത് ബുമ്ര. താരത്തിന് സർ ഗാരി സോബേഴ്സിന്റെ പേരിലുള്ള ട്രോഫി സമ്മാനിക്കും. ഹാരിബ്രൂക്ക്, ട്രാവിസ് ഹെഡ്, ജോ റൂട്ട് എന്നിവരെ പിന്തള്ളിയാണ് പട്ടികയിലെ ഏക ബൗളറായ ബുമ്ര പുരസ്കാരം നേടുന്നത്. പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പേസറാണ് ബുമ്ര. ടി20 ലോകകപ്പിലും മറ്റ് ടെസ്റ്റ് പമ്പരകളിലും ഇന്ത്യയുടെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച താരം 21 മത്സരങ്ങളിൽ നിന്ന് 86 വിക്കറ്റുകൾ സ്വന്തമാക്കിയ പ്രകടനമാണ് നിർണായകമായത്.
നേരത്തെ ഐസിസി ടെസ്റ്റിലെ മികച്ച പുരുഷ താരമായി ജസ്പ്രീത് ബുമ്രയെ തിരഞ്ഞെടുത്തിരുന്നു. നട്ടെല്ലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് നീണ്ട വിശ്രമത്തിന് ശേഷം, 2023 അവസാനത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് ബുമ്ര മടങ്ങിയെത്തിയത്. തുടര്‍ന്ന് 2024-ല്‍ അവിശ്വസനീയമായ പ്രകടനമാണ് താരം നടത്തിയതെന്ന് ഐസിസി വിലയിരുത്തി. തകര്‍പ്പന്‍ വിക്കറ്റുകള്‍ നേടിയതിനൊപ്പം നിരവധി റെക്കാര്‍ഡുകളും ബുമ്ര സ്വന്തം പേരിലാക്കി. ഇംഗ്ലണ്ടിനും ബംഗ്ലാദേശിനുമെതിരെ ഇന്ത്യ നേടിയ പരമ്പര വിജയങ്ങളിലും ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും നടന്ന മത്സരങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നതിലും ജസ്പ്രീത് ബുമ്ര നിര്‍ണായക പങ്ക് വഹിച്ചു. 2024-ല്‍ 71 വിക്കറ്റുകളെടുത്ത താരം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി. ഇംഗ്ലണ്ടിന്റെ ഗസ് അറ്റ്കിന്‍സണ്‍ ആണ് ബുമ്രക്ക് പിന്നിലായുള്ളത്. 2024-ല്‍ ബുംറ 357 ഓവര്‍ ബൗള്‍ ചെയ്തപ്പോള്‍ 2.96 എന്ന അസാധാരണമായ ഇക്കോണമി നിലനിര്‍ത്തിയതായും ഐസിസി വിലയിരുത്തി. രവിചന്ദ്രന്‍ അശ്വിന്‍, അനില്‍ കുംബ്ലെ, കപില്‍ ദേവ് തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 70 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളറായി ജസ്പ്രീത് ബുമ്ര മാറി.