കൊച്ചിയിൽ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ചുണ്ടനക്കിക്കൊണ്ട് ഉമ തോമസ് മക്കളോട് പുതുവത്സരം നേർന്നെന്ന് ഡോക്ടർമാർ പറഞ്ഞു. നേർത്ത ശബ്ദത്തിലായിരുന്നു ഉമ തോമസിന്‍റെ പ്രതികരണം. തലയ്ക്ക് ഉണ്ടായ മുറിവ് ഭേദപ്പെട്ടു വരുകയാണ്. ഇപ്പോള്‍ ആളുകളെ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ വെന്റിലേഷൻ എത്ര ദിവസം തുടരണം എന്നതില്‍ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എംഎൽഎയുടെ ആരോഗ്യ സ്ഥിതി ഇന്ന് വീണ്ടും പരിശോധിച്ച ശേഷം തുടർ ചികിത്സകൾക്കുള്ള തീരുമാനങ്ങളെടുക്കും എന്നും ഡോക്ടർമാർ അറിയിച്ചു.
കലൂർ സ്റ്റേഡിയത്തിൽ നടന്ന അപകടവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ മൃദംഗവിഷൻ എംഡി അടക്കം അഞ്ച് പേരെ പ്രതി ചേർത്തിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ മൂന്ന് പേർക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുൻകൂർ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ, ഓസ്കാർ ഇവന്റ് ചുമതലക്കാരൻ ജിനേഷ് കുമാർ എന്നിവരോട് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. സംഭവത്തില്‍ ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. നടൻ സിജോയ് വർഗീസിനെയും വിളിപ്പിക്കും.
നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് പൊലീസ് കേസെടുത്തു. രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരിപാടിയുടെ സ്‌പോൺസർഷിപ്പ് സംബന്ധിച്ച കാര്യങ്ങളിലും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നൃത്തപരിപാടിയുടെ സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെ മൊഴിയെടുക്കും. നർത്തകരുടെ വസ്ത്രത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയത് തങ്ങൾ വൈകിയാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് വാർത്താഗ്രൂപ്പിലൂടെ അറിയിച്ചിരുന്നു. സാമ്പത്തിക ചൂഷണത്തിൽ ഡാൻസ് ടീച്ചർമാർക്കെതിരെയും കേസെടുക്കും. നൃത്ത അദ്ധ്യാപകർ വഴിയായിരുന്നു പണപ്പിരിവ്. ഇടനിലക്കർ എന്ന നിലയിലാണ് ഇവർക്കെതിരെ നടപടിയെടുക്കുന്നത്.