കരിപ്പൂർ വിമാനത്താവളത്തിൽ ഈന്തപ്പഴ പാക്കറ്റിനുള്ളിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ മൂല്യം 35 ലക്ഷത്തിലധികം രൂപയാകുമെന്ന് പൊലീസ് അറിയിച്ചു. താമരശ്ശേരി സ്വദേശി അബ്ദുൽ അസീസ് (40) ആണ് സ്വർണ്ണം കടത്തിയതായി കണ്ടെത്തിയത്.
സ്വർണ്ണം സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയ താമരശ്ശേരി സ്വദേശി മുഹമ്മദ് ബഷീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ അബ്ദുൽ അസീസ് ബാഗിലുണ്ടായിരുന്ന ഈന്തപ്പഴത്തിന്റെ ഇടയിലായാണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. വിമാനത്താവളത്തിന് പുറത്ത് എത്തിയതോടെയാണ് ഇരുവരും പൊലീസിന്റെ പിടിയിലാകുന്നത്.
നിലവിൽ കസ്റ്റഡിയിലെടുത്ത ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സ്വർണ്ണക്കടത്തിന് പിന്നിലെ പ്രധാന വ്യക്തികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.