Wednesday, September 3, 2025
Mantis Partners Sydney
Home » ഇറാൻ വഴി ഓസ്ട്രേലിയയിലേക്ക് യാത്രതിരിച്ച മൂന്ന് പഞ്ചാബ് സ്വദേശികളെ കാണാതായി; തട്ടിക്കൊണ്ടുപോയതായി സന്ദേശം.
ഇറാനിൽ വിമാനമിറങ്ങിയതിന് പിന്നാലെ തട്ടിക്കൊണ്ടുപോയ 3 ഇന്ത്യക്കാരെയും ടെഹ്‌റാൻ പോലീസ് മോചിപ്പിച്ചു.

ഇറാൻ വഴി ഓസ്ട്രേലിയയിലേക്ക് യാത്രതിരിച്ച മൂന്ന് പഞ്ചാബ് സ്വദേശികളെ കാണാതായി; തട്ടിക്കൊണ്ടുപോയതായി സന്ദേശം.

by Editor

ന്യൂഡൽഹി: പഞ്ചാബ് സ്വദേശികളായ മൂന്ന് പേരെ ഇറാനിൽ കാണാതായി. പഞ്ചാബിലെ ഏജൻ്റ് മുഖേന ഓസ്ട്രേലിയയിലേക്ക് യാത്രതിരിച്ചതായിരുന്നു മൂവരും. പഞ്ചാബിലെ സംഗൂർ സ്വദേശി ഹുഷൻപ്രീത് സിങ്, എസ്ബിഎസ് നഗർ സ്വദേശി ജസ്‌പാൽ സിങ്, ഹോഷിയാർപുർ സ്വദേശി അമൃത്പാൽ സിങ് എന്നിവരെയാണ് മെയ് ഒന്നിന് ടെഹ്റാനിൽ വിമാനമിറങ്ങിയതിന് പിന്നാലെ കാണാതായത്. ഇവരെ ടെഹ്റാനിൽ നിന്ന് തട്ടിക്കൊണ്ട് പോയതാണെന്നാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ച സന്ദേശം.

ദുബായ്-ഇറാൻ വഴി ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാമെന്നായിരുന്നു പഞ്ചാബിലെ ഹോഷിയാർപുരിലെ ഏജന്റ് നൽകിയ വാഗ്ദാനം. തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ച മൂവരും മെയ് ഒന്നിന് ഇറാനിലെ ടെഹ്റാനിൽ വിമാനമിറങ്ങി. ടെഹ്റാനിൽ താമസ സൗകര്യം നൽകുമെന്നും ഏജൻ്റ് ഉറപ്പ് നൽകിയിരുന്നു എന്നാണ് കുടുംബം പറയുന്നത്‌. എന്നാൽ ടെഹ്റാനിലെത്തിയതിന് പിന്നാലെ മൂവരെക്കുറിച്ചും വിവരം ഒന്നും ലഭിച്ചില്ലെന്നും പിന്നീടാണ് തട്ടിക്കൊണ്ട് പോയവരുടെ സന്ദേശം ലഭിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. യുവാക്കളെ വിദേശത്തേക്ക് അയച്ച പഞ്ചാബിലെ ഏജൻ്റ് ഒളിവിൽ പോയതായാണ് വിവരം. ഇയാൾക്കായി പഞ്ചാബ് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവാക്കളെ തട്ടിക്കൊണ്ടുപോയവർ ഒരുകോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടാണ് കുടുംബാംഗങ്ങളെ ബന്ധപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ മൂവരെയും കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയതായി ബന്ധുക്കൾ പറഞ്ഞു. കൈകളിൽ നിന്ന് ചോരയൊലിക്കുന്ന നിലയിൽ മൂവരെയും കെട്ടിയിട്ട വീഡിയോ ദൃശ്യങ്ങളും തട്ടിക്കൊണ്ടുപോയവർ ബന്ധുക്കൾക്ക് അയച്ച് നൽകി. അക്രമി സംഘത്തിൻ്റെ ഫോണിൽ നിന്ന് യുവാക്കളും ബന്ധുക്കളുമായി സംസാരിച്ചിരുന്നു. എന്നാൽ മെയ് 11 ന് ശേഷം തട്ടിക്കൊണ്ടുപോയവർ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും യുവാക്കളുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു.

ഇറാനിൽ നിന്ന് മൂന്ന് പഞ്ചാബ് സ്വദേശികളെ കാണാതായതായി ഇറാനിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബങ്ങളുടെ പരാതി ലഭിച്ചതിന് പിന്നാലെ ഇറാൻ അധികൃതരെ വിവരമറിയിച്ചതായും ഇവരെ കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ഇറാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംബസി അറിയിച്ചു.

 

Send your news and Advertisements

You may also like

error: Content is protected !!