രാജ്യത്തിന്റെ ഉൾനാടൻ മേഖലകളിലുൾപ്പെടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ ഐഎസ്ആർഒ വികസിപ്പിച്ച അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 (ജിസാറ്റ് എൻ 2) വിക്ഷേപണം വിജയകരം. ചൊവ്വാഴ്ച അർധരാത്രി 12.01-ഓടെയാണ് ഫ്ളോറിഡയിലെ കേപ്പ് കനാവറലിൽ ഇലോൺ മസ്കിന്റെ സ്പേസ് എക്സിൻ്റെ ഫാൽക്കൺ-9 റോക്കറ്റ് ഇന്ത്യയുടെ ജിസാറ്റുമായി പറന്നുയർന്നത്. 34 മിനിറ്റുകൾ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ എത്തിച്ചേർന്നു. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും. ഇതോടെ ബഹിരാകാശ മേഖലയിൽ വീണ്ടും പുതു ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ.
ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ.) നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍.വി.എം-3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്‌സിന്റെ സഹായം തേടിയത്.
ജിസാറ്റ്-എൻ2 എന്നും അറിയപ്പെടുന്ന കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റിൽ എട്ട് നാരോ സ്‌പോട്ട് ബീമുകളും 24 വൈഡ് സ്‌പോട്ട് ബീമുകളും ഉൾപ്പെടെ 32 യൂസർ ബീമുകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഉപഗ്രഹം പ്രവർത്തനക്ഷമമായാൽ, വിദൂര പ്രദേശങ്ങളിലേക്കുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ഇൻ-ഫ്‌ളൈറ്റ് ഇന്റർനെറ്റ് സേവനങ്ങളും ഉൾപ്പെടെ രാജ്യത്തുടനീളം സുപ്രധാന സേവനങ്ങൾ ലഭിക്കും. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും.