ആലപ്പുഴ കുമാരപുരത്ത് ആയുധശേഖരം കണ്ടെത്തി. കായൽ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോറിന്റെ വീട്ടിൽ നിന്നാണ് ആയുധ ശേഖരം കണ്ടെത്തിയത്. വിദേശ നിർമിത ഒരു പിസ്റ്റളും 53 വെടിയുണ്ടകളും രണ്ടു വാളും ഒരു മഴുവും സ്റ്റീൽ പൈപ്പും ആണ് കിഷോറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിഷോർ. 2015 -ൽ കാണാതായ രാകേഷ് തിരോധാനമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയിലാണ് കിഷോറിൻ്റെ വീട്ടിൽ നിന്ന് ആയുധ ശേഖരം കണ്ടെത്തിയത്.
രാകേഷിനെ കൊന്ന് കൂഴിച്ചുമൂടിയതാണെന്ന് ആരോപിച്ച് മാതാവ് കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി തേടികൊണ്ടുള്ള കോടതി നിർദേശത്തിന് പിന്നാലെയായിരുന്നു പൊലീസ് പരിശോധന. 2015 നവംബര്‍ അഞ്ചാം തീയതി മുതലാണ് രാകേഷിനെ കാണാതായത്. നവംബര്‍ ആറിനും ഏഴിനും ഇടയിലുള്ള രാത്രി കിഷോറും സുഹൃത്തുക്കളും ചേര്‍ന്ന് രാകേഷിനെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്.