റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി അടക്കം 15 പേർക്ക് ദാരുണാന്ത്യം. കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) അടക്കം ഒൻപത് ഇന്ത്യക്കാരും, മൂന്ന് നേപ്പാൾ സ്വദേശികളും മൂന്ന് ഘാന സ്വദേശികളുമാണ് മരിച്ചത്. ജിസാനിലെ അറാംകോ റിഫൈനറി റോഡിൽ ഇന്നലെയാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ 11 പേരെ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിലേക്ക് മാറ്റി.
എസിഐസി സർവീസ് കമ്പനിയിലെ 26 തൊഴിലാളികൾ സഞ്ചരിച്ച മിനി വാനിൽ എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്ത് വെച്ചുതന്നെ പതിനഞ്ച് പേരും മരിച്ചു. അപകടത്തിൽ വാഹനം പൂർണമായി തകർന്നു. കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദിന്റെയും രാധയുടെയും മകനാണ് മരിച്ച വിഷ്ണു. അവിവാഹിതനായ വിഷ്ണു മൂന്ന് വർഷമായി ഈ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്കർ സിംഗ് ദാമി, സപ്ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മ മോഹത്തഷിം റാസ, ദിനകർ ബായ് ഹരിദായ് തണ്ടൽ, രമേശ് കപേലി എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാർ.