Thursday, July 31, 2025
Mantis Partners Sydney
Home » സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം: “പിങ്ക് വോയിസ്” പദ്ധതി ആരംഭിച്ചു
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം: "പിങ്ക് വോയിസ്" പദ്ധതി ആരംഭിച്ചു

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം: “പിങ്ക് വോയിസ്” പദ്ധതി ആരംഭിച്ചു

by Editor

നെയ്യാറ്റിൻകര: സ്ത്രീകളും കുട്ടികളും സ്വന്തം പ്രശ്നങ്ങൾ ഭയക്കാതെ പങ്കുവെച്ച് സഹായം തേടുന്നതിനായി “പിങ്ക് വോയിസ്” എന്ന പുതിയ സംരംഭം ആരംഭിച്ച് നെയ്യാറ്റിൻകര നഗരസഭ. വീട്ടിലോ പൊതുസമൂഹത്തിലോ തുറന്നു പറയാൻ മടിക്കുന്ന പ്രശ്നങ്ങൾ രഹസ്യമായി പരിഹരിക്കാനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2023-24 വാർഷിക വനിതാ ഘടക പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലെ വിവിധ ഇടങ്ങളിൽ “പിങ്ക് വോയിസ്” ബോക്‌സ് സ്ഥാപിച്ചത്.

പദ്ധതിയുടെ ഔപചാരിക ഉദ്ഘാടന ചടങ്ങിൽ നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി. കെ. രാജമോഹൻ, ഡി. വൈ. എസ്. പി. ഷാജിക്ക് താക്കോൽ കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. നഗരപ്രദേശത്തെ പൊതുയിടങ്ങളിലും സ്‌കൂളുകളിലും പിങ്ക് വോയിസ് എന്ന പരാതി പരിഹാരപ്പെട്ടി സ്ഥാപിച്ച്, പിങ്ക് പോലീസിന്റെ സഹായത്തോടെയായിരിക്കും പരാതികൾ രഹസ്യമായി പരിഗണിക്കുക.

കേരളത്തിൽ ആദ്യമായി നെയ്യാറ്റിൻകര നഗരസഭയാണ് ഈ ജനകീയ സംരംഭം ആരംഭിക്കുന്നത്. സാധാരണ പരാതിപ്പെട്ടികൾ വ്യാപകമായി ഉണ്ടായിരുന്നെങ്കിലും, സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഉൾപ്പെടുത്തിയതാണ് “പിങ്ക് വോയിസ്”.

പൊതുജനങ്ങൾക്ക് സഹായമാകുന്ന മറ്റൊരു പദ്ധതിയും നഗരസഭ സജീവമാക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും പ്രശ്നങ്ങൾ ഫോൺ മുഖാന്തിരം അറിയിക്കാനായി “ജ്വാല” എന്ന പ്രത്യേക പദ്ധതിയും ആരംഭിച്ചു. 7356580607 എന്ന ടോൾ-ഫ്രീ നമ്പർ ഇതിനായി പ്രവർത്തനം തുടങ്ങി.

“ജ്വാല” – സ്വയം പ്രതിരോധ പരിശീലനം
കോഴിക്കോട് സിറ്റി പൊലീസ് നേരത്തേ “ജ്വാല” എന്നൊരു പദ്ധതി നടപ്പാക്കിയിരുന്നു, ഇത് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധം അഭ്യസിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. രണ്ട് ദിവസത്തെ സ്വയം പ്രതിരോധ പരിശീലന പരിപാടിയായ “ജ്വാല” 300-ലധികം പഠിതാക്കൾക്ക് ആത്മരക്ഷാ വിദ്യകളിൽ പ്രാവീണ്യം നേടാൻ സഹായിച്ചു.

ജനമൈത്രി പോലീസിന്റെ കീഴിൽ നടപ്പാക്കിയ ഈ പദ്ധതിയിൽ, വനിതാ പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് പരിശീലനം നയിച്ചത്. കൂടാതെ, താൽപര്യമുള്ള വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ആവശ്യാനുസരണം മാസ്റ്റർ ട്രെയിനർമാരുടെ പിന്തുണ ലഭ്യമാക്കാൻ പ്രത്യേക ക്രമീകരണങ്ങളും ഉണ്ടായിരുന്നു.

“പിങ്ക് വോയിസ്”, “ജ്വാല” എന്നീ സംരംഭങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുകയും അവർക്കായി സുരക്ഷിതവും വിശ്വസനീയവുമായ ആശ്രയകേന്ദ്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.

Send your news and Advertisements

You may also like

error: Content is protected !!