ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ രണ്ട് സംഘടനകളെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചു. മിര്ഡവായിസ് ഉമര്‍ ഫാറൂഖ് നേതൃത്വം നല്കുന്ന അവാമി ആക്ഷന്‍ കമ്മറ്റി (എഎസി), മസ്രൂര്‍ അബ്ബാസ് അന്‍സാരി നേതൃത്വം നല്കുന്ന ജമ്മു- കശ്മീര്‍ ഇത്തിഹാദുല്‍ മുസ്ലിമീന് (ജെകെഐഎം) എന്നീ സംഘടനകള്‍ക്കാണ് 1967-ലെ യുഎപിഎ നിയമം അനുസരിച്ച് അഞ്ച് വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി, വിഘടനവാദം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരു സംഘടനകൾക്കും എതിരെ നിരോധനം ഏർപ്പെടുത്തിയത്.
ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, രാജ്യ വിരുദ്ധ പ്രചാരണം നടത്തുക, കശ്മീരിലെ വിഘടനവാദ സംഘടനകൾക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇത്തിഹാദുൽ മുസ്ലിമീനെതിരെ ചുമത്തിയിരിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക, വിഘടനവാദത്തെ പിന്തുണയ്ക്കുക, ഭരണഘടനയോട് അനാദരവ് കാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അവാമി ആക്ഷൻ കമ്മിറ്റിക്ക് മേലുള്ളത്. അക്രമപ്രേരണ, ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ വിദ്വേഷം വളര്‍ത്തല്‍, സായുധ ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഈ സംഘടനകള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തേക്കുള്ള വിലക്ക് ഉടന്‍ പ്രാബല്യത്തില്‍ വരും.



