ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അഴിമതി കേസിൽ 14 വർഷം തടവിന് ശിക്ഷിച്ച് കോടതി. അൽ ഖാദിർ ട്രസ്റ്റ് ഭൂമി കേസിലാണ് പാക്കിസ്ഥാൻ അഴിമതി വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. ഇമ്രാനൊപ്പം കേസിൽ പ്രതിയായ ഭാര്യ ബുഷ്റ ബീബിക്ക് ഏഴ് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇമ്രാൻ 10 ലക്ഷം പാക്കിസ്ഥാൻ രൂപയും ബുഷറ 5 ലക്ഷം രൂപയും പിഴയും ഒടുക്കണം.
ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കെ, ബഹ്‌റിയ ടൗൺ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമ മാലിക് റിയാസ് 190 ദശലക്ഷം പൗണ്ടുമായി (ഏകദേശം 6000 കോടി പാക്കിസ്ഥാൻ രൂപ) ലണ്ടനിൽ പിടിയിലായിരുന്നു. യുകെ അധികൃതർ തുക പാക്കിസ്ഥാനു കൈമാറേണ്ടിയിരുന്നതാണെങ്കിലും തിരികെ റിയാസിനു തന്നെ നൽകാൻ ഇമ്രാൻ അനുവദിച്ചതായി നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) ആരോപിക്കുന്നു. പ്രത്യുപകാരമായി അൽ ഖാദിർ ട്രസ്റ്റിനു രണ്ടിടത്തായി 600–700 കോടി രൂപ വിലമതിക്കുന്ന 35 ഹെക്ടർ ഭൂമി റിയാസ് നൽകിയെന്നാണു കേസ്. ഇമ്രാന്റെ ഭാര്യ ബുഷറ ബീവിയുടെയും സുഹൃത്തിന്റെയും പേരിലുള്ളതാണ് ട്രസ്റ്റ്.
2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാൻ ജയിലിലാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസിൽ പാക് അർധസൈനിക വിഭാഗമായ റേഞ്ചേഴ്സാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിൽ തോഷഖാന കേസിൽ ജാമ്യം ലഭിച്ചെങ്കിലും പിന്നാലെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തതിനാൽ പുറത്തിറങ്ങാനായില്ല. ഇമ്രാനെതിരെ ഇസ്‍ലാമാബാദിൽ 62 ഉം ലഹോറിൽ 54 ഉം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.