Saturday, November 29, 2025
Mantis Partners Sydney
Home » എം.ടി. വാസുദേവൻ നായർ അന്തരിച്ചു.
എം.ടി. വാസുദേവൻ നായർ അന്തരിച്ചു.

എം.ടി. വാസുദേവൻ നായർ അന്തരിച്ചു.

by Editor

കോഴിക്കോട്: മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരമായിരുന്ന എംടി വാസുദേവൻ നായർ അന്തരിച്ചു. രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16-നു പുലർച്ചെയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനു ശേഷം അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവർത്തനവും താളം തെറ്റിയതായി മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തുവന്നിരുന്നു. ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ വെന്റിലേറ്റർ സഹായവും വേണ്ടിവന്നു. മൂന്ന് ദിവസങ്ങളായി മരുന്നുകളോട് അദ്ദേഹം പ്രതികരിച്ചിരുന്നു. ഇന്നലെ വൈകിട്ടോടെ നില വീണ്ടും വഷളാകുകയും മരണം സംഭവിക്കുകയും ചെയ്തത്.

നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപൻ, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം മുതലായ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

പുന്നയൂർക്കുളത്തുക്കാരനായ ടി നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായിട്ടാണ് ജനനം. കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം അധ്യാപകനായി ജോലി ചെയ്തു. തുടർന്ന് മാതൃഭൂമിയിൽ ചേർന്നു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക്‌ ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി. 1986-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം (1973, നിർമ്മാല്യം), മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരം (നാലു തവണ; 1990 – ഒരു വടക്കൻ വീരഗാഥ, 1992 -കടവ്, 1993 – സദയം, 1995 – പരിണയം), മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം രണ്ടു തവണ (1978 – ബന്ധനം), (1991 – കടവ്‌), മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്കാരം രണ്ടു തവണ (1978 – ബന്ധനം) (2009 – കേരള വർമ്മ പഴശ്ശിരാജ), എഴുത്തച്ഛൻ പുരസ്കാരം (2011), ജെ.സി. ദാനിയേൽ പുരസ്കാരം – 2013, മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾക്കുള്ള നാലപ്പാടൻ അവാർഡ് 2014 എന്നിവയാണ് എം ഡി ക്കു ലഭിച്ച മറ്റു പുരസ്കാരങ്ങൾ.

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് നഷ്ടമായത്: മുഖ്യമന്ത്രി

Send your news and Advertisements

You may also like

error: Content is protected !!