തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള വെല്ലുവിളി നിറഞ്ഞ കേപ് ഹോൺ ഇടനാഴി മുറിച്ച് കടന്ന് നാവികസേനയുടെ വനിതാ ഉദ്യോഗസ്ഥർ. ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെയും ലെഫ്റ്റനന്റ് കമാൻഡർ രൂപ എയും ചേർന്നാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. അന്റാർട്ടിക്കയിൽ നിന്ന് 800 കിലോമീറ്റർ (432 നോട്ടിക്കൽ മൈൽ) അകലെയാണ് കേപ് ഹോൺ സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിലൂടെയുള്ള യാത്രയ്‌ക്ക് അസാധാരണമായ നാവിഗേഷൻ വൈദഗ്‌ദ്ധ്യം മാത്രമല്ല, തെക്കൻ സമുദ്രത്തിന്റെ സ്വഭാവ സവിശേഷതകളെയും കഠിനമായ സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കഴിവും ആവശ്യമാണ്. കേപ് ഹോണിൽ വിജയകരമായി കപ്പൽ യാത്ര നടത്തിയ നാവികരുടെ ഉന്നത സംഘത്തിന് പരമ്പരാഗതമായി നൽകുന്ന “കേപ് ഹോണേഴ്‌സ്” എന്ന പദവിയാണ് ഇപ്പോൾ വനിതാ ഉദ്യോഗസ്ഥർ നേടിയെടുത്തിരിക്കുന്നത്.
നാവിക സാഗർ പരിക്രമ II യുടെ മൂന്നാം ഘട്ടത്തിലാണ് ഐഎൻഎസ്‌വി തരിണിയിൽ വനിതാ ഉദ്യോഗസ്ഥരുട യാത്ര. ശാസ്ത്ര പര്യവേക്ഷണത്തിനും സഹകരണത്തിനും പിന്തുണ നൽകുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് നാവിക സാഗർ പരിക്രമ II. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി ഫ്ലാഗ് ഓഫ് ചെയ്ത ദൗത്യം കഴിഞ്ഞ വർഷം ഗോവയിലെ ഐഎൻഎസ് മണ്ഡോവിയിലെ ഓഷ്യൻ സെയിലിംഗ് നോഡിൽ നിന്നാണ് ആരംഭിച്ചത്. 240 ദിവസം കൊണ്ട് മൂന്ന് സമുദ്രങ്ങളിലൂടെയും മൂന്ന് വെല്ലുവിളി നിറഞ്ഞ മുനമ്പുകളിലൂടെയും നാല് ഭൂഖണ്ഡങ്ങളും കടന്ന് 23,400 നോട്ടിക്കൽ മൈലുകൾ സഞ്ചരിച്ച് യാത്ര അവസാനിക്കും.