ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിലെ യഥാർത്ഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവത്തിലെ പ്രതിയെ മുംബൈ പോലീസ് പിടികൂടിയത്. ഇയാള്‍ കുറേക്കാലമായി മുംബൈയിലെ ഒരു ബാറിലെ ജീവനക്കാരനായിരുന്നു. താനെയില്‍ മെട്രോ നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു നിലവില്‍ ഇയാള്‍ ജോലി ചെയ്തിരുന്നത്. അവിടുത്തെ ഒരു ലേബര്‍ ക്യാമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പൊലീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയിൽ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഹൗസ് കീപ്പിംഗ് ഏജൻസിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്താണെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.