ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാരിയർ. ഏത് തിരഞ്ഞെടുപ്പു വന്നാലും കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുന്നതാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായത്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തി. പരാജയത്തിന്റെ ഉത്തരവാദിത്തം കെ.സുരേന്ദ്രനാണ്. സുരേന്ദ്രൻ രാജിവയ്ക്കാതെ ബിജെപി കേരളത്തിൽ രക്ഷപ്പെടില്ല. സി.കൃഷ്ണകുമാർ സ്ഥാനാർഥി ആയതുകൊണ്ടാണ് തിരിച്ചടിയുണ്ടായത്, അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റി കോൺഗ്രസ് ഭരിക്കുമെന്നും സന്ദീപ് വാരിയർ പറഞ്ഞു. ബിജെപിയിലെ പ്രശ്നങ്ങളെ തുടർന്ന് തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് സന്ദീപ് വാരിയർ ബിജെപി വിട്ട് കോൺഗ്രസിലെത്തിയത്.
അതിനിടെ പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിലും വോട്ട് ചോര്‍ച്ചയുണ്ടായതിലും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി ബിജെപി നേതാക്കള്‍ രംഗത്തുവന്നു. പാലക്കാട് സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോര്‍ന്നെന്ന് സന്ദീപ് വചസ്പതി ഫേസ്ബുക്കിൽ കുറിച്ചു. പാലക്കാട്ടെ തെരഞ്ഞെടുപ്പിൽ വര്‍ഗീയതയും കോഴയും കൂറുമാറ്റവും അടക്കമാണ് ചര്‍ച്ചയായതെന്നും ഇതിനെ പ്രതിരോധിക്കുന്നതിൽ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു.
ബിജെപിയുടെ മേല്‍ക്കൂര ശക്തിപ്പെടുത്തണമെന്ന് ബിജെപി നേതാവ് എൻ ശിവരാജൻ പറഞ്ഞു. സംഘടനാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കെ സുരേന്ദ്രനോട് ചോദിക്കണമെന്നായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍റെ പ്രതികരണം.