മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചിത്രം എമ്പുരാന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി റിപ്പോർട്ട്. ടെലിഗ്രാമിലും ചില വെബ്സൈറ്റുകളിലും ചിത്രത്തിന്റെ വ്യാജപതിപ്പ് ഇറങ്ങിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യാജപതിപ്പുകൾ പ്രചരിക്കുന്നത് തടയാൻ നിയമനടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. വ്യാജപതിപ്പുകൾ ഡൗൺ ലോഡ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും നിയമനടപടികൾക്കിടയാക്കും.
എമ്പുരാന്‍റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൈബര്‍ പൊലീസ്. ചില വെബ്സൈറ്റുകളിൽ എമ്പുരാന്‍ സിനിമയുടെ ചില ഭാഗങ്ങൾ പൊലിസ് നീക്കം ചെയ്തു. ഇവ ഡൗൺലോഡ് ചെയ്തവരെയും കണ്ടെത്തി. പരാതി ലഭിച്ചാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൈബർ എസ് പി അങ്കിത് അശോക് പറഞ്ഞു. പരാതി ലഭിക്കാതെയും വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകൾ ബ്ലോക്ക് ചെയ്തു തുടങ്ങിയെന്നും എസ് പി അറിയിച്ചു.
ഇന്നലെ രാവിലെ ആറ് മണിക്കാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ ആദ്യ ഷോ തുടങ്ങിയത്. ലൂസിഫറിനേക്കാൾ ഗംഭീരമായ മേക്കിംഗാണ് എമ്പുരാനിൽ ഉള്ളതെന്നാണ് പ്രേക്ഷകാഭിപ്രായം. രാവിലെ മുതൽ തിയേറ്ററുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. പൃഥ്വിരാജ്, മോഹൻലാൽ, മഞ്ജു വാര്യർ, ഇന്ദ്രജിത്, ടൊവിനോ തോമസ് എന്നിവർ എമ്പുരാൻ കാണാൻ തിയേറ്ററിലെത്തിയിരുന്നു. ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.