Monday, September 1, 2025
Mantis Partners Sydney
Home » റാവൽപിണ്ടി നൂർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി
ഓപ്പറേഷൻ സിന്ദൂർ

റാവൽപിണ്ടി നൂർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി

by Editor

ഇസ്ലാമബാദ്: ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങള്‍ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വെള്ളിയാഴ്ച സൈനികോദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. നൂര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയ കാര്യം സൈനിക മേധാവി അസിം മുനിര്‍ തന്നെ വിളിച്ച് പറഞ്ഞുവെന്നാണ് ഷെഹബാസ് ഷെരീഫ് പറഞ്ഞത്.

മെയ് 10 -ന് ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം റൗണ്ടിലായിരുന്നു പാക് എയർബേസുകളെ വിറപ്പിച്ച ഇന്ത്യയുടെ മിസൈൽ ആക്രമണം നടന്നത്. അതിന് ഉപയോഗിച്ചതാവട്ടെ ഏറ്റവും കൃത്യതയോടെ ലക്ഷ്യം തകർക്കാൻ കഴിയുന്ന ലോകത്തെ ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈലുകളിൽ ഒന്നായ ബ്രഹ്‌മോസും. പാകിസ്ഥാന്‍റെ ഏറ്റവും പ്രധാനപ്പെട്ട 11 എയർബേസുകളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. പതിനഞ്ചോളം ബ്രഹ്മോസ് അതിവേഗ ക്രൂസ് മിസൈലുകൾ ഇതിനായി ഉപയോഗിച്ചതായി പറയപ്പെടുന്നു. ആദ്യമായിട്ടാണ് പരീക്ഷണത്തിനല്ലാതെ ഒരു യുദ്ധ സമാനമായ അന്തരീക്ഷത്തിൽ ഇന്ത്യ ഈ ആയുധം പ്രയോഗിക്കുന്നത്.

പാക് വ്യോമതാവളങ്ങളിലെ റൺവേകൾ, ഷെൽട്ടറുകൾ, കമാൻഡ് സെന്ററുകൾ എന്നിവ പ്രവർത്തനരഹിതമാക്കാൻ ഇതിലൂടെ സാധിച്ചു. വ്യോമതാവളങ്ങൾ തകർന്നതോടെ തങ്ങളുടെ വിമാനങ്ങൾ പാകിസ്ഥാന് മറ്റു താവളങ്ങളിലെക്ക് മാറ്റേണ്ടി വന്നു. മാത്രമല്ല, വിലപ്പെട്ട പല പ്രതിരോധ സംവിധാനങ്ങളും ആക്രമണത്തിൽ തകർന്നത് പാക് വ്യോമസേനക്ക് കനത്ത തിരിച്ചടിയായി. ആക്രമിക്കാനും പ്രതിരോധിക്കാനുമാകാതെ കുടുങ്ങിയ പാക്കിസ്ഥാന് വെടിനിർത്തലിനായി ഇന്ത്യയെ സമീപിക്കുകയല്ലാതെ വേറെ വഴിയില്ലാതായി.

ബ്രഹ്മോസ് ആക്രമണത്തിൽ ഭുലാരി, വ്യോമതാവളത്തിലെ മുന്നറിയിപ്പ് സംവിധാനമായ എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം (അവാക്‌സ്‌) ഘടിപ്പിച്ച വിമാനത്തിന് കേടു പറ്റിയതായി പാക്കിസ്ഥാൻ വ്യോമസേനാ മുൻ മേധാവി റിട്ട. എയർ മാർഷൽ മസൂദ് അക്തർ വെളിപ്പെടുത്തി. നാലു ബ്രഹ്മോസ് മിസൈലുകൾ ഒന്നിനു പിന്നാലെ വന്നുപതിച്ചു. നിർഭാഗ്യവശാൽ, നാലാമത്തെ മിസൈൽ എയർബേസിലെ ഹാംഗറിൽ ഇടിച്ച്, അവിടെയുണ്ടായിരുന്ന അവാക്‌സ് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം കൃത്യമായി അളന്നു കുറിച്ചായിരുന്നുവെന്ന് മസൂദ് അക്തർ പറയുന്നു.

ആക്രമണ-പ്രതിരോധ രംഗത്തെ ഇന്ത്യയുടെ മികവ് എടുത്തുപറഞ്ഞ് യുഎസ് യുദ്ധവിദഗ്ധനും വിരമിച്ച കേണലുമായ ജോണ്‍ സ്‌പെന്‍സര്‍ കഴിഞ്ഞ ദിവസം പ്രതികരണവുമായി വന്നിരുന്നു. പാക്കിസ്ഥാനില്‍ എവിടെയും ഏത് സമയത്തും ആക്രമണം നടത്താൻ ഇന്ത്യയ്ക്ക് കെൽപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസിലെ മോഡേണ്‍ വാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അര്‍ബന്‍ വാര്‍ഫെയര്‍ സ്റ്റഡീസ് വിഭാഗം തലവനാണ് സ്‌പെന്‍സര്‍. പാക്കിസ്ഥാനെ ആക്രമിക്കുന്നതിലും തിരിച്ചുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിലും ഇന്ത്യ വിജയിച്ചു. പാക് ഡ്രോണ്‍ ആക്രമണങ്ങളെയും അതിവേഗ മിസൈലുകളെയും പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞെന്നും സ്‌പെന്‍സര്‍ പറഞ്ഞു. ചൈനയുടെ പ്രതിരോധ സംവിധാനങ്ങൾ മികച്ചതാണ്. എന്നാൽ, ചൈനയുടെയും പാക്കിസ്ഥാന്റെയും വ്യോമപ്രതിരോധത്തെ തകര്‍ക്കാൻ ബ്രഹ്‌മോസ് മിസൈലിന് കഴിഞ്ഞു. പാക്കിസ്ഥാനില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും ആക്രമണം നടത്താന്‍ കഴിയുമെന്ന ഇന്ത്യയുടെ സന്ദേശം വ്യക്തമായിരുന്നെന്നും സ്‌പെന്‍സര്‍ പറഞ്ഞു.

വെടിനിർത്തൽ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോൾ അതിർത്തിയിൽ സ്ഥിതിഗതികൾ ശാന്തം. വ്യോമയാന സർവീസുകളും പൊതുഗതാഗതവും പഴയ നിലയിലായതോടെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തി. പാക്കിസ്ഥാന്റെ ആക്രമണത്തിൽ വീടുകളും ജീവിതോപാധികളും നഷ്ടപ്പെട്ടവർക്കുളള പുനരധിവാസ പദ്ധതി സർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും. അതിർത്തി സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളും സുരക്ഷയും വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. ഇന്ത്യ-പാക് അതിർത്തിയായ അട്ടാരി-വാഗ ബോർഡർ വഴി കൂടുതൽ അഫ്ഗാൻ ചരക്കുവാഹനങ്ങൾ ഇന്നും കടത്തി വിടും. കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് ചരക്ക് നീക്കം.

Send your news and Advertisements

You may also like

error: Content is protected !!