വാഷിംഗ്ടൺ: ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തിയ എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും കൂടിക്കാഴ്ച്ച നടത്തി. തുടർന്ന് ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ നടത്തിയ യോഗത്തിലും പങ്കെടുത്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാരോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾസ് എന്നിവരാണ് എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിന്റെ ഫോഗി ബോട്ടം ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ഇന്തോ-പസഫിക് മേഖലയിൽ വികസനവും സുരക്ഷയും ഉറപ്പാക്കുന്നത് സംബന്ധിച്ച് വിശാലമായ ചർച്ചകൾ നടത്തിയതായി എസ്. ജയ്‌ശങ്കർ എക്സിൽ കുറിച്ചു. സഹകരണം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ ആഴത്തിൽ ചിന്തിക്കണമെന്നും അജണ്ട തീരുമാനിക്കുന്നത് ആഴത്തിലാക്കണമെന്നും ചർച്ചയിൽ പറഞ്ഞു. അനിശ്ചിതവും അസ്ഥിരവുമായ ലോകത്ത് ക്വാഡ് സഖ്യം ആഗോള നന്മയുടെ ശക്തിയായി തുടരുമെന്ന വ്യക്തമായ സന്ദേശമാണ് ഇന്നത്തെ യോഗം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റായതിന് ശേഷമുള്ള ആദ്യ ക്വാഡ് മന്ത്രിതല യോഗമാണ് നടന്നത്.
അടുത്ത ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിക്കു 4 രാജ്യങ്ങളും തയാറെടുക്കുമെന്നു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വൈറ്റ് ഹൗസിലേക്കു ട്രംപ് മടങ്ങിയെത്തിയ ശേഷം ചൈനയെ ലക്ഷ്യമിട്ടുള്ള ആദ്യത്തെ ഉന്നതതല യോഗമായി ക്വാഡ് മാറി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ, ഓസ്‌ട്രേലിയയുടെ പെന്നി വോങ്, ജപ്പാന്റെ ടക്കേഷി ഇവായ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാരോ റൂബിയോ എന്നിവരാണ് യോഗം ചേർന്നത്.