മുണ്ടക്കൈ ഉരുൾ ദുരന്തബാധിതരിൽ ടൗൺഷിപ്പിൽ വീട് വേണ്ടാത്തവർക്ക് പുനരധിവാസത്തിന് സർക്കാർ നൽകുന്ന 15 ലക്ഷം രൂപാവീതം കൈമാറി. വീട് വേണ്ട, ധനസഹായം മതിയെന്ന് സമ്മതപത്രം നൽകിയ 104 കുടുംബത്തിനാണ് തുക നൽകിയത്. കൽപ്പറ്റയിൽ സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിൽ 402 കുടുംബത്തെ ഗുണഭോക്താക്കളായി നിശ്ചയിച്ചിരുന്നു. ഇതിൽ 104 കുടുംബങ്ങളാണ് വീടിനു പകരം പണം മതിയെന്ന് അറിയിച്ചത്. എല്ലാവരുടെയും അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. വിവിധ സംഘടനകൾ വീട് നൽകിയവർക്കുൾപ്പെടെ 15 ലക്ഷം കൈമാറി.
വീട് വേണ്ടാത്തവർക്കുള്ള ആനുകൂല്യത്തിനായി 16.05 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സംസ്ഥാന ദുരന്തനിവാരണനിധി എന്നിവയിൽനിന്ന് നേരത്തേ അനുവദിച്ചിരുന്നു. 15 ലക്ഷം ലഭിച്ചവർക്ക് ജൂൺ, ജൂലൈ മാസത്തെ വീട്ടുവാടകയും സർക്കാർ നൽകും. ജൂലൈവരെ കുടുംബത്തിലെ രണ്ടുപേർക്കായി മാസം 18,000 രൂപ ജീവനോപാധിയും നൽകും.
ടൗൺഷിപ്പിൽ വീട് ആവശ്യപ്പെട്ടവർക്ക് ഏഴു സെൻ്റിൽ 1000 ചതുരശ്രയടിയിൽ വീട് നിർമാണം തുടങ്ങി. മാതൃകാവീട് ജൂലൈ പത്തിനുള്ളിൽ പൂർത്തിയാകും. നിർമാണം കഴിഞ്ഞാൽ ഗുണമേന്മ ബോധ്യപ്പെടുത്താൻ പ്രദർശിപ്പിക്കും. ഗുണഭോക്താക്കൾക്കും പൊതുജനങ്ങൾക്കും പരിശോധിക്കാം. അഞ്ച് സോണിലായി മുഴുവൻ വീടും ഇതേ മാതൃകയിൽ ഉയരും. ഉരുൾപൊട്ടലടക്കമുള്ള പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ കെൽപ്പുള്ള വീടുകളാണ് ഒരുക്കുന്നത്. ആദ്യ സോണിലെ 100 വീടിൻ്റെ നിലമൊരുക്കി. 14 എണ്ണത്തിന് അടിത്തറയായി. ആറെണ്ണത്തിന് പില്ലർ ഉയർന്നു. 50 വീടിന് മണ്ണ് പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ആഗസ്റ്റിനുള്ളിൽ 100 വീടും വാർക്കുകയാണ് ലക്ഷ്യം. നവംബർ അവസാനത്തോടെ മുഴുവൻ വീടും പൂർത്തിയാക്കും.


