തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പനയിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) വഴി 97 കോടി രൂപയുടെ അധിക വിൽപ്പന നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബാറുകളിലൂടെയുള്ള മദ്യവിൽപ്പനയിലും വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ മദ്യവിൽപ്പന 2,137 കോടി രൂപ ആയിരുന്നപ്പോൾ, ഈ വർഷം അതേ കാലയളവിൽ 2,234 കോടി രൂപയായി ഉയർന്നു.
മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ നോയമ്പ് കാലവും മദ്യ വില വർദ്ധനയും കൊണ്ട് മദ്യ വിൽപ്പന കുറയുമെന്ന് കരുതിയിരുന്നെങ്കിലും അതിന്റെ വിപരീതമായാണ് സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ലഹരി പരിശോധന ശക്തമാക്കിയതോടെയാണ് മദ്യവിൽപ്പനയിൽ ഈ വർദ്ധനയുണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേരള പൊലീസിന്റെ ‘ഓപ്പറേഷൻ ഡി ഹണ്ട്’ ലഹരിക്കെതിരായ നടപടി ശക്തമാക്കി മുന്നേറുകയാണ്. ഇതുവരെ 7,539 പേർ അറസ്റ്റിലായതോടെ 7,265 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഇവയിൽ 5,328 കേസുകൾ എൻഡിപിഎസ് ആക്ടിന് കീഴിലാണ്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി 72,980 പേരെ സംശയാസ്പദമായ സാഹചര്യത്തിൽ പരിശോധിക്കുകയും 3.98 കിലോഗ്രാം എം.ഡി.എം.എയും 468.84 കിലോഗ്രാം കഞ്ചാവ് പിടികൂടുകയും ചെയ്തിട്ടുണ്ട്.