ന്യൂഡൽഹി: പഹല്‍ഗാം തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുര്‍ക്കിയുടെ സൈനികവിമാനങ്ങൾ പാക്കിസ്ഥാനില്‍ എത്തിയതായി റിപ്പോർട്ട്. തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാക്കിസ്ഥാനിലെത്തിയത്. പടക്കോപ്പുകള്‍, ആയുധങ്ങള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍, ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയവ പാക്കിസ്ഥാനിലെത്തിച്ചതായാണ് റിപ്പോർട്ടുകൾ. 6 വിമാനങ്ങൾ കറാച്ചിയിലും ഒരു വിമാനം ഇസ്ലാമാബാദിലുമാണ് ഇറക്കിയത് എന്നാണ് വിവരം.
ഇതുകൂടാതെ ചൈനയുടെ നൂതന മിസൈലുകൾ പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ലഭിച്ചെന്നാണു റിപ്പോർട്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണു ചൈന വിതരണം ചെയ്തത്. പിഎൽ – 15 ദീർഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നൽകിയത്. ചൈനീസ് പീപ്പിൾസ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക്ക് സൈന്യത്തിനു ലഭ്യമായതെന്നാണു വിവരം. ഈ മിസൈലിന് 200 മുതൽ 300 കിലോമീറ്റർ വരെ (120–190 മൈൽ) ദൂരപരിധിയുണ്ടെന്നാണു റിപ്പോർട്ട്.
ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ് പാക്കിസ്ഥാന് എന്ന സംശയം ബലപ്പെടുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കും.