101
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണസംഖ്യ 11 ആയി. ഇന്നലെ പുലർച്ചെയോടെ മുസ്‌തഫാബാദിലാണ് അപകടം നടന്നത്. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയെങ്കിലും ഇനിയും ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. താമസക്കാർ ഉറങ്ങിക്കിടക്കുമ്പോഴാണ് പുലർച്ചെ 2.39-ഓടെ 20 വർഷം പഴക്കമുള്ള നാല് നില കെട്ടിടം തകർന്നുവീണത് എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
അപകടത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത അനുശോചനം രേഖപ്പെടുത്തുകയും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉറപ്പു നൽകി. അപകട സ്ഥലത്ത് എൻഡിആർഎഫ്, അഗ്നിശമന സേന, ഡൽഹി പൊലിസ്, എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.