ബെയ്ജിങ്: ആണവായുധമല്ലാത്ത ഹൈഡ്രജന്‍ ബോംബ് (നോണ്‍ ന്യൂക്ലിയര്‍ ഹൈഡ്രജന്‍ ബോംബ്) പരീക്ഷിച്ച് ചൈന. പരമ്പരാഗത ഹൈഡ്രജന്‍ ബോംബുകളെ അപേക്ഷിച്ച് സ്‌ഫോടനത്തിന് ആണവോര്‍ജത്തിന് പകരം മഗ്നീഷ്യം ഹൈഡ്രൈഡ് എന്ന രാസവസ്തുവാണ് ഉപയോഗിക്കുന്നത്. നിലവിലെ ടി എൻ ടി ബ്ലാസ്റ്റുകളെക്കാൾ 15 മടങ്ങ് പ്രഹര ശേഷി ഉള്ളതാണ് പുതിയ ബോംബെന്നാണ് വിവരം. ബോംബിൽ യാതൊരുവിധ ആണവ ഘടകങ്ങളും ഉൾപ്പെട്ടിട്ടില്ലെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈന സ്റ്റേറ്റ് ഷിപ്പ്ബില്‍ഡിങ് കോര്‍പ്പറേഷന്റെ കീഴിലുള്ള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ആയുധം വികസിപ്പിച്ചത്.
രണ്ട് കിലോ ഭാരം വരുന്ന ബോംബാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. പരീക്ഷണത്തില്‍ നിയന്ത്രിത സ്‌ഫോടനമാണ് ഗവേഷകര്‍ നടത്തിയത്. മഗ്നീഷ്യം ഹൈഡ്രൈഡ് സ്‌ഫോടനത്തില്‍ ചെറുതരികളായി മാറി. അന്തരീക്ഷവുമായി പ്രതിപ്രവര്‍ത്തിച്ച് ചൂടുപിടിക്കുകയും തുടര്‍ന്ന് ഇവയില്‍ നിന്ന് ഹൈഡ്രജന്‍ വാതകം പുറത്തുവരികയും ചെയ്തു. ഇത് സമീപത്തെ അന്തരീക്ഷവുമായി ഇടകലരുകയും വളരെ പെട്ടെന്ന് സ്വയം കത്തിജ്വലിക്കുകയും ചെയ്തു. ഇതോടെ ഒരു അഗ്നിഗോളം സൃഷ്ടിക്കപ്പെട്ടു. ഇതിലൂടെ പുറത്തുവന്ന താപം കൂടുതല്‍ മഗ്നീഷ്യം ഹൈഡ്രൈഡിനെ വിഘടിപ്പിക്കുകയും ചെയിന്‍ റിയാക്ഷന്‍ പോലെ പുറത്തുവരുന്ന താപത്തിന്റെ അളവ് വര്‍ധിക്കുകയും ചെയ്തു. ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു. ഈ ബോംബ് യുദ്ധഭൂമിയില്‍ പ്രയോഗിക്കപ്പെട്ടാല്‍ സെക്കന്‍ഡുകള്‍ കൊണ്ട് വലിയ താപം പുറത്തുവിട്ട് വന്‍നാശനഷ്ടമുണ്ടാക്കും. അത് സഹിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കില്ല. തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ വളരെ കുറഞ്ഞ അളവിലുള്ള മഗ്നീഷ്യം ഹൈഡ്രഡിന് സാധിക്കും. ആണവായുധമല്ലാത്ത അതീവ വിനാശകാരിയായ ആയുധമാണ് ചൈന വികസിപ്പിച്ചിരിക്കുന്നത്. നിലവില്‍ ലോകത്ത് ഒരുരാജ്യത്തിനും ഇത്തരത്തിലൊരു ആയുധമില്ല.
മഗ്നീഷ്യം ഹൈഡ്രൈഡിന്റെ വ്യാപകമായ ഉത്പാദനം ഈ വര്‍ഷമാദ്യമാണ് ചൈനയില്‍ ആരംഭിച്ചത്. വര്‍ഷം 150 ടണ്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇപ്പോള്‍ ചൈനയ്ക്കുണ്ട്. യുദ്ധത്തിൽ ഉപയോഗിക്കാനുള്ള ആയുധങ്ങളുടെ കാര്യത്തില്‍ ചൈന കൂടുതല്‍ ഗവേഷണങ്ങളാണ് നടത്തുന്നത്.