തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോള്‍. 30 ദിവസത്തെ പരോൾ ലഭിച്ചതോടെ 28-ന് തവനൂർ ജയിലിൽനിന്ന് സുനി പുറത്തിറങ്ങി. സുനിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷന് നല്കിയ അപേക്ഷ പരിഗണിച്ചാണ് പരോള്‍ അനുവദിച്ചത്.
കൊടി സുനിക്ക് എങ്ങനെ ഒരു മാസത്തെ പരോള്‍ അനുവദിച്ചുവെന്ന് കെ കെ രമ എംഎല്‍എ ചോദിച്ചു. സുനിയുടെ അമ്മയ്ക്ക് മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാന്‍ അവകാശമുണ്ട്. പക്ഷേ 30 ദിവസം പരോള്‍ കൊടുക്കുന്നത് എന്തിനാണെന്നു അറിയില്ലെന്നും കെ.കെ.രമ പ്രതികരിച്ചു. അമ്മക്ക് കാണാനാണെങ്കില്‍ പത്ത് ദിവസം പോരെ. ഇത്തരമൊരു ക്രിമിനല്‍ ഒരു മാസം നാട്ടില്‍ നിന്നാല്‍ എന്ത് സംഭവിക്കും എന്നും കെ കെ രമ ആശങ്ക പ്രകടിപ്പിച്ചു. ജയില്‍ വകുപ്പിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.കെ. രമ പറഞ്ഞു. നിയമവിരുദ്ധമായാണ് കൊടി സുനിയ്ക്ക് പരോള്‍ അനുവദിച്ചതെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. മുഖ്യമന്ത്രി ഇതിനു മറുപടി പറയണം എന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
നേരത്തെ വിയ്യൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസിലും പ്രതിയാണ് സുനി. ജയിലില്‍ നിന്ന് പരോള്‍ ലഭിച്ച ഘട്ടങ്ങളില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് സുനിക്ക് പരോള്‍ നല്‍കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സാധാരണ നിലയില്‍ ലഭിക്കുന്ന പരോള്‍ അനുവദിക്കേണ്ടതിലെന്ന് ആഭ്യന്തരവകുപ്പും ജയില്‍ വകുപ്പും തീരുമാനിച്ചിരുന്നു. ആഭ്യന്തര വകുപ്പ് അറിയാതെ ജയില്‍ ഡിജിപിക്ക് മാത്രമായി പരോള്‍ അനുവദിക്കാനാവില്ല. അഞ്ചു വര്‍ഷത്തിനു ശേഷമാണ് കൊടി സുനി പുറത്തിറങ്ങുന്നത്. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും പരോള്‍ അനുവദിക്കുകയായിരുന്നു.



