ന്യൂ ഓർലീൻസ്: അമേരിക്കയിലെ ന്യൂ ഓർലീൻസിൽ പുതുവർഷാഘോഷം നടത്തുകയായിരുന്ന ആളുകൾക്കിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 30 പേർക്കു പരുക്കേറ്റു. ഓർലിയൻസിലെ ഫ്രഞ്ച് ക്വാർട്ടറിൽ തിരക്കേറിയ ബർബൺ സ്ട്രീറ്റിൽ പുലർച്ചെ 3.15 നാണു സംഭവം. സംഭവത്തിൽ മുപ്പതിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അമിത വേഗത്തിലെത്തിയ വെള്ള നിറത്തിലുള്ള ട്രെക്ക് ആളുകൾക്കിടയിലേക്ക് ഓടിച്ച് കയറ്റിയാണ് സംഭവം. വാഹനം ഓടിച്ചിരുന്നയാൾ ആക്രമണത്തിന് പിന്നാലെ ട്രെക്കിന് പുറത്തിറങ്ങി വെടിയുതിർത്തതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തെ ന്യൂ ഓർലീൻസ് മേയർ അപലപിച്ചു. ആക്രമണം എഫ്ബിഐ അന്വേഷിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ പതിനായിരങ്ങളാണ് പുതുവർഷം ആഘോഷിക്കാനായി എത്തിയിരുന്നത്. അമേരിക്കയിലെ നൈറ്റ് ലൈഫ് ആഘോഷ കേന്ദ്രങ്ങളിലൊന്നിലാണ് വലിയ ആക്രമണം നടന്നിട്ടുള്ളത്. ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ഡ്രൈവർ പിന്നീടു പൊലീസുമായി നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടു. സംഭവസ്ഥലത്തു സ്ഫോടകവസ്തു കണ്ടെടുത്തിട്ടുണ്ട്. പരമാവധി ആളുകളെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണു വാഹനമോടിച്ചു കയറ്റിയതെന്നു പൊലീസ് പറഞ്ഞു. ടെക്‌സാസിൽ നിന്നുള്ള യുഎസ് പൗരനായ ഷംസുദ്-ദിൻ ജബ്ബാർ ആണ് പ്രതിയെന്നും സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നതായും എഫ്ബിഐ പറഞ്ഞു.
ആക്രമണത്തെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു. തികഞ്ഞ തിന്മയാണ് നടന്നതെന്ന് അഭിപ്രായപ്പെട്ട ട്രംപ്, അമേരിക്കയിൽ കുറ്റകൃത്യങ്ങൾ എക്കാലത്തെയും ഉയർന്ന നിരക്കിലാണെന്നും ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനങ്ങൾ അറിയിച്ച നിയുക്ത പ്രസിഡന്റ്, തന്റെ ഭരണകൂടം ഇതിനെല്ലാം മറുപടി നൽകുമെന്ന് ഉറപ്പുനൽകി. ഇത്തരം തികഞ്ഞ തിന്മകളിൽ നിന്ന് അമേരിക്കൻ നഗരങ്ങളെ മോചിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.