കേരളത്തിലെ ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷാകർതൃത്വം സിപിഐഎം ഏറ്റെടുത്തിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അതിൽ നിന്ന് പിന്മാറാൻ സിപിഐഎം തയ്യാറാകണം. ലഹരി മാഫിയയുമായി യുവജന വിദ്യാർഥി സംഘടനകൾക്ക് ബന്ധം ഉണ്ട്. ആ സംഘടനകൾക്ക് സംരക്ഷണം നൽകുന്നത് സിപിഐഎംഎന്നും വി ഡി സതീശൻ ആരോപിച്ചു. ലഹരി ഇടപാടു നടത്തിയ എസ്എഫ്ഐ നേതാക്കളെ കുറ്റപ്പെടുത്തുമ്പോൾ മന്ത്രിമാർക്ക് എന്തിനാണ് വിഷമമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കേരളം മുഴുവൻ ലഹരി മരുന്നാണെന്ന് ഇപ്പോഴാണോ സർക്കാർ അറിയുന്നതെന്നും സതീശൻ ചോദിച്ചു. ലഹരിയല്ല, എസ്എഫ്ഐയെ ഇല്ലാതാക്കലാണ് ചിലർക്ക് താൽപര്യമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
താൻ ഇക്കാര്യം നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നടന്നത്. 150ഓളം പേർ ഒരു ചെറുപ്പക്കാരനെ പരസ്യമായി മർദിക്കുകയാണ്. കെട്ടിത്തൂക്കിയതാണോ ആത്മഹത്യ ചെയ്തതാണോ എന്ന് തെളിഞ്ഞിട്ടില്ല. കോട്ടയത്ത് നഴ്സിങ് കോളജിൽ ദേഹം മുഴുവൻ മുറിവുണ്ടാക്കി അതിൽ ഫെവിക്കോൾ ഒഴിക്കുകയാണ് ചെയ്‌തത്. ഇത്രയൊക്കെ ക്രൂരത ചെയ്യണമെങ്കിൽ അത് ലഹരി കൊണ്ടു കൂടിയാണ്. ഇതിലെല്ലാം പ്രതിസ്ഥാനത്തുള്ളത് എസ്എഫ്ഐയാണ് എന്നും സതീശൻ പറഞ്ഞു. എസ്എഫ്ഐ പ്രതിക്കൂട്ടിലായപ്പോൾ കെഎസ്യുവിനെ കൂടി ഉൾപ്പെടുത്താൻ നോക്കുന്നതാണ് ഇപ്പോൾ ഉയരുന്ന ആരോപണങ്ങളെന്നും സതീശൻ പറഞ്ഞു. നിരപരാധികളായ വിദ്യാർഥികളെ പ്രതിയാക്കില്ലെന്ന് പൊലീസ് തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സിപിഐഎം എന്താണ് കാണിക്കുന്നത്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പുഷ്പനെ അറിയാമോ എന്ന പാട്ടാണ് പാടുന്നത്. ഇത്തരം പരിപാടികൾ നടത്തുന്നതിലൂടെ ബിജെപിക്ക് വഴിയൊരുക്കുകയാണ്. നാണം കെട്ട പാർട്ടിയായി സിപിഐഎം മാറിഎന്നും വി ഡി സതീശൻ വിമർശിച്ചു.