ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്ന പ്രസ്താവന തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സുരേഷ് ഗോപി. തൻ്റെ പ്രസ്താവന എടുത്തിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആരും താൻ പറഞ്ഞത് മുഴുവൻ കൊടുത്തില്ല. വേർതിരിവ് മാറ്റണമെന്നാണ് താൻ ഉദ്ദേശിച്ചത്. വിമർശിക്കുന്നവരുടെ ഉദ്ദേശം ബജറ്റിന്റെ ശോഭ കെടുത്തുക മാത്രമാണ്. എനിക്ക് ആ ജോലി ചെയ്യാൻ ഇപ്പോഴും ആഗ്രഹം ഉണ്ട്. പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു എന്നും സുരേഷ് ഗോപി എം പി പറഞ്ഞു. നല്ല ഉദ്ദേശ്യത്തോടെ രാവിലെ പറഞ്ഞ തന്റെ പരാമർശം വളച്ചൊടിച്ചു. വാക്കുകൾ വന്നത് ഹൃദയത്തിൽ നിന്നാണ്. മുഴുവൻ ഭാഗവും കൊടുത്തതുമില്ല. തന്റെ പാർട്ടിയാണ് ഗോത്രവിഭാഗത്തിൽ നിന്നൊരാളെ രാഷ്ട്രപതിയാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇന്നലെ പ്രഖ്യാപിച്ച ബജറ്റ് മധ്യവർഗ്ഗത്തിന്റെ യാതനകളെ പരിഗണിച്ചുള്ളതാണ്. തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള ബജറ്റ് എന്ന പറയുന്നത് കുത്തിത്തിരിപ്പുകളാണ്. കേരളത്തിൽ ടൂറിസം വികസനത്തിന് ഈ വർഷവും പണം വകയിരുത്തിയിട്ടുണ്ട്. പാർലമെന്റൽ ആയാലും അസത്യപ്രചരണം എന്നത് വലിയ മുതൽക്കൂട്ടായി മാറിയിരിക്കുകയാണ് ചിലർക്ക്. ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാംസിൽ വയനാട് വന്നിട്ടുണ്ട്. അതുവഴി വയനാടിന് വലിയ ഉന്നമനം ഉണ്ടായിരിക്കും. 38000 കോടി ആദിവാസികൾക്കായി വകയിരുത്തിയത് അവരുടെ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. വീഴ്ച പറ്റിയെങ്കിൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. നല്ല ഉദ്ദേശം മാത്രമാണുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം. പാർലമെന്റിൽ എത്തിയപ്പോൾ മുതൽ ആലപ്പുഴയ്ക്കായി വാദിക്കുന്ന ആളാണ് ഞാൻ. കേരള സർക്കാർ പക്ഷേ ആലപ്പുഴയെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ആലപ്പുഴയിൽ ആയാലും എയിംസ് കേരള ജനതയ്ക്ക് ഉപകാരപ്രദമാണ്. തന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് എയിംസിന്റെ പണിയെങ്കിലും തുടങ്ങിയിരിക്കും. ആലപ്പുഴയും തിരുവനന്തപുരം പോലെയാകണം. പക്ഷേ അതിന് ചില ചട്ടങ്ങളും നടപടികളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതൻ മന്ത്രിയാകണമെന്ന സുരേഷ് ഗോപിയുടെ പരാമർശം വിവാദമായിരുന്നു. ആദിവാസി ക്ഷേമ വകുപ്പ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഉന്നതകുലജാതൻ വകുപ്പു മന്ത്രിയായാൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമർശത്തെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രൂക്ഷമായി വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ചു കൊടുത്ത വഴിയാണ് സുരേഷ്ഗോപി പിന്തുടരുന്നതെന്നും ബി ജെ പി എന്നും ചാതുർ വർണ്യത്തിൻ്റെ കാവൽക്കാരാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ബി ജെ പി എന്നും ചാതുർ വർണ്യ ആശയത്തിനൊപ്പമാണെന്നും ആ ആശയത്തിന് ആദിവാസികളെ വെറുപ്പാണെന്നും അത് കൊണ്ടാണ് സുരേഷ് ഗോപിക്ക് ഇങ്ങനെ പറയാൻ കഴിയുന്നതെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. പാർലമെൻറ് ഉദ്ഘാടനത്തിൽ നിന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഒഴിവാക്കിയവരാണ് ബി ജെ പി. അയോധ്യ പ്രതിഷ്ഠ ചടങ്ങിലും രാഷ്ട്രപതി ഉണ്ടായിരുന്നില്ല. സുരേഷ് ഗോപിയുടെ വാക്കുകൾ യാദിർശ്ചികമല്ലെന്നും ബി ജെ പിയുടെ ചാതുർ വർണ്യ ആശയത്തിന്‍റെ തുടർച്ചയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നാണ് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞത്. ജീർണ്ണ മനസിന് ഉടമയാണ് സുരേഷ് ഗോപിയെന്നും ഇത്തരം പരാമർശങ്ങൾ മുൻപും സുരേഷ് ഗോപി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ പ്രസ്താവന പിൻവലിച്ചാലും ഇല്ലെങ്കിലും എന്താണ് മാറ്റമെന്നും അദ്ദേഹം ചോദിച്ചു.
സുരേഷ് ഗോപിയുടേത് തരംതാണ പ്രസ്താവനയെന്നായിരുന്നു ആദിവാസി നേതാവ് സികെ ജാനുവിന്റെ പ്രതികരണം. ഇത്രകാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാർത്ഥ്യങ്ങൾ മനസിലായിട്ടില്ലെന്നും സികെ ജാനു വിമർശിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമു ഗോത്രവിഭാഗത്തിൽ നിന്നുള്ളവരാണെന്നും രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിക്ക് ഉള്ളതെന്നും മന്ത്രി ഒ.ആർ. കേളു ചോദിച്ചു. രാജ്യത്തെ ആരും ഇതൊന്നും മുഖവിലയ്‌ക്ക് എടുക്കില്ലെന്നും കേളു പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ.രാധാകൃഷ്ണൻ എംപി പറഞ്ഞു. സുരേഷ്‌ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നത്. സുരേഷ് ഗോപിക്ക് എപ്പോഴും ഉന്നതകുലജാതൻ എന്നു പറഞ്ഞു നടപ്പാണ് പണി. കേരളത്തെ തകർക്കുന്ന നിലപാടാണിത്. കേന്ദ്രമന്ത്രിസ്ഥാനത്തിരിക്കാൻ സുരേഷ് ഗോപി അർഹനല്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.