വാഷിങ്ടണ്‍: അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ എക്സിൽ പങ്കുവെച്ച് വൈറ്റ്ഹൗസ്. കൈയ്ക്കും കാലിലും ചങ്ങലയിട്ട് ആളുകളെ വിമാനത്തിലേക്ക് കയറ്റുന്നതാണ് 41 സെക്കൻഡുള്ള വീഡിയോയിലുള്ളത്. ഒരു പെട്ടിയിൽനിന്ന് നിരവധി ചങ്ങലകൾ ഉദ്യോഗസ്ഥൻ പുറത്തെടുക്കുന്നതും കാണാം. അതേസമയം, ആരുടേയും മുഖം വെളിപ്പെടുത്തിയിട്ടില്ല.
‘Haha Wow’ എന്ന് കുറിച്ച് ഇലോൺ മസ്ക് ഈ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ‘എഎസ്എംആർ: അനധികൃത അന്യഗ്രഹ നാടുകടത്തൽ വിമാനം’ എന്ന കുറിപ്പോടെയാണ് വീഡിയോ ദൃശ്യങ്ങൾ എക്സിൽ വൈറ്റ്ഹൗസ് പങ്കുവെച്ചിരിക്കുന്നത്.
ASMR: Illegal Alien Deportation Flight 🔊 pic.twitter.com/O6L1iYt9b4
— The White House (@WhiteHouse) February 18, 2025
സൈനികവിമാനത്തിൽ കൈവിലങ്ങുവെച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന് ഇന്ത്യയിൽ തിരിച്ചെത്തിയവർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. കാലുകളും കൈകളുമുൾപ്പെടെ വിലങ്ങുവെച്ചെന്നും സീറ്റിൽ നിന്ന് നീങ്ങാൻ പോലും സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. ഇതുവരെ മൂന്ന് വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാരായ 332 ഇന്ത്യക്കാരെയാണ് യു.എസ്. നാടുകടത്തിയത്.