Sunday, March 22, 2026
Home » കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി അപ്പനും മകനും ഒരുമിച്ച് നിയമസഭയിൽ എത്തുമോ?
കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി അപ്പനും മകനും ഒരുമിച്ച് നിയമസഭയിൽ എത്തുമോ?

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി അപ്പനും മകനും ഒരുമിച്ച് നിയമസഭയിൽ എത്തുമോ?

by Editor
Send your news and Advertisements

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരേസമയം അപ്പനും (പിതാവ്) മകനും അംഗങ്ങളാകാൻ സാധ്യതയുള്ള ഒരു സാഹചര്യമാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തെളിഞ്ഞു വരുന്നത്. ബി.ജെ.പി നേതാവ് പി.സി. ജോർജും അദ്ദേഹത്തിന്റെ മകൻ ഷോൺ ജോർജും ഒരുമിച്ച് നിയമസഭയിൽ എത്തുമെന്നാണ് ഇരുവരും അവകാശപ്പെടുന്നത്.

പി.സി. ജോർജ് തന്റെ തട്ടകമായ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും, ഷോൺ ജോർജ് അയൽ മണ്ഡലമായ പാലായിൽ നിന്നും ബി ജെപി സ്ഥാനാർത്ഥികൾ ആയാണ് ജനവിധി തേടുന്നത്. ഇരുവരും വിജയിക്കുകയാണെങ്കിൽ കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരേസമയം അപ്പനും മകനും സഭയിലെത്തുന്ന അപൂർവ്വ നേട്ടം ഇവർക്ക് സ്വന്തമാകും. അതുമാത്രമല്ല കേരളത്തിൽ ആദ്യമായി ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ബി ജെപി എം എൽ എ മാർ നിയമസഭയിൽ എത്തുമെന്ന പ്രത്യേകതയും ഉടലെടുക്കും.

ഏഴ് തവണ എം.എൽ.എയായിരുന്ന പി.സി. ജോർജ് നിലവിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമാണ്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായ ഷോൺ ജോർജ് മുൻപ് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. പാലാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി, യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ എന്നിവരോടാണ് ഷോൺ ജോർജ് പ്രധാനമായും മത്സരിക്കുന്നത്. പൂഞ്ഞാറിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലിനെതിരെയും കോൺഗ്രസ് സ്ഥാനാർത്ഥി സെബാസ്റ്റ്യനെതിരെയും ആണ് പി.സി. ജോർജ് ജനവിധി തേടുന്നത്.

തന്റെ വിജയം അനായാസമാണെന്നും എന്നാൽ മൂന്നാം സ്ഥാനത്തിന് വേണ്ടി മത്സരമുണ്ടാകുമെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയും യുഡിഎഫ് സ്ഥാനാർഥിയും തമ്മിൽ മൂന്നാം സ്ഥാനത്തിന് വേണ്ടി കടുത്ത പോരാട്ടമാണ് നടക്കുന്നത്. പാലായിൽ മകനും എൻഡിഎ സ്ഥാനാർഥിയുമായ ഷോൺ ജോർജിന് വിജയസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി അപ്പനും മകനും ഒരുമിച്ച് നിയമസഭയിൽ കാണുമെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.

സഹോദരങ്ങളായ പദ്‌മജയും മുരളീധരനും നിയമസഭയിലെത്താനുള്ള സാഹചര്യവും ഈ തിരഞ്ഞെടുപ്പിൽ ഉണ്ട്. കെ. കരുണാകരന്റെ മക്കളായ ഇരുവരും പലതവണ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെങ്കിലും സഭയിൽ ഒന്നിച്ചെത്താൻ അവർക്ക് സാധിച്ചിട്ടില്ല. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. മുരളീധരൻ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും പത്മജ വേണുഗോപാൽ തൃശൂർ മണ്ഡലത്തിൽ നിന്നുമാണ് മത്സരിച്ചത്. എന്നാൽ മുരളീധരൻ വിജയിച്ചപ്പോൾ പത്മജ പരാജയപ്പെട്ടു. 2021 നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുവരും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കെ. മുരളീധരൻ നേമത്തും പത്മജ തൃശൂരിലുമാണ് ജനവിധി തേടിയത്.

പത്മജ വേണുഗോപാൽ 2024-ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. ഈ (2026-ലെ) നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജ തൃശൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. മുരളീധരൻ ആകട്ടെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി വീണ്ടും ജനവിധി തേടുന്നുണ്ട്.

കഴിഞ്ഞ (2021-ലെ) നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും മരുമകൻ പി.എ. മുഹമ്മദ് റിയാസും ഒരേസമയം നിയമസഭയിൽ എത്തിയത് വലിയ വാർത്തയായിരുന്നു. അത് കേരള ചരിത്രത്തിൽ ആദ്യമായി ഒരു അമ്മായിയപ്പനും മരുമകനും സഭയിൽ ഒരുമിച്ചെത്തിയ സംഭവമായിരുന്നു.

You may also like

error: Content is protected !!