വാഷിങ്ടൺ: ഇറാന് നേരെ അതിശക്തമായ അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വിവിധ ഊർജ പ്ലാന്റുകൾ ആക്രമിച്ച് തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏറ്റവും വലുതിൽ നിന്നായിരിക്കും തുടക്കമെന്നും അദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.
എണ്ണ നീക്കം തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചാൽ ഇതുവരെ നൽകിയതിനേക്കാൾ 20 മടങ്ങ് ശക്തമായ തിരിച്ചടി അമേരിക്ക നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ ഇപ്പോൾ സൈനികമായി പരാജയപ്പെട്ട നിലയിലാണെന്നും അമേരിക്കയുടെ നീക്കങ്ങൾ നിശ്ചയിച്ച സമയത്തേക്കാൾ ആഴ്ചകൾക്ക് മുന്നേ ലക്ഷ്യത്തിലെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ നേതാക്കളും നാവികസേനയും വ്യോമസേനയും ഇല്ലാതായെന്നും ട്രംപ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ കൂട്ടിച്ചേർത്തു.
അതേസമയം ഇസ്രായേലിനു നേരെ ഇറാൻ ഇന്നലെ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇറാന്റെ മിസൈലാക്രമണം തടയുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടെന്ന് ഇസ്രയേലി സൈനിക വക്താവ് പറഞ്ഞു. ആക്രമണങ്ങളെ തുടർന്ന് ഇസ്രയേലിൽ സ്‌കൂളുകൾ അടച്ചു. രണ്ടു ദിവസം ക്ലാസുകൾ ഉണ്ടാകില്ലെന്നാണ് അറിയിപ്പ്.
ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം; 108 പേർക്ക് പരുക്ക്

