Wednesday, October 15, 2025
Mantis Partners Sydney
Home » പാശ്ചാത്യ മത പരിവർത്തനം കണ്ടുപഠിക്കണം
പാശ്ചാത്യ മത പരിവർത്തനം കണ്ടുപഠിക്കണം

പാശ്ചാത്യ മത പരിവർത്തനം കണ്ടുപഠിക്കണം

by Editor

പാശ്ചാത്യ രാജ്യങ്ങളിൽ വ്യാപകമായി മത പരിവർത്തനം നടക്കുന്നത് ഭാരതത്തിൽ എന്താണ് വാർത്തയാകാത്തത്? അതിന്റെ പ്രധാന കാരണം ഇവിടെ കാണുന്നത് സഹോദര്യമാണ് മറിച്ചു് സങ്കുചിത ഇടുങ്ങിയ അന്ധ മത ചിന്തയല്ല. രാജഭരണമൊഴിച്ചാൽ മതങ്ങൾ അരങ്ങുവാഴുന്ന രാജ്യങ്ങളിലാണ് അന്ധവിശ്വാസങ്ങളും അരാജകത്വവും അസ്വാതന്ത്ര്യവും അസംതൃപ്തിയും അഴിമതികളും നടമാടുന്നത്. ഇതിന്റെ വികൃത മുഖം ഇന്ത്യൻ തെരെഞ്ഞടുപ്പുകളിൽ കാണാറുണ്ട്. മത വർഗ്ഗീയ വാദികൾ ജാതി നോക്കിയാണ് തെരെഞ്ഞെടുപ്പിൽ പോലും മത്സരിക്കുന്നത്. അതിലൂടെ നേട്ടങ്ങൾ കൈവരിക്കുന്ന ജാതി നേതാക്കൾപോലും ജാതി പറയും, മതേതരത്വം പ്രസംഗിക്കും. മണ്ണിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും പ്രായപൂർത്തിയായി കഴിഞ്ഞാൽ അവനൊരു സ്വതന്ത്ര മനുഷ്യനാണ്. അവരുടെ മേൽ ജാതി മതങ്ങളെ കെട്ടിവെക്കുകയെന്നാൽ വ്യക്തിസ്വാതന്ത്ര്യം തട്ടിയെടുക്കലാണ്. പാടങ്ങൾ ഉഴുതുമറിക്കുന്ന കാളകളും, ഭാരം ചുമക്കുന്ന കഴുതകളുമല്ല ഇന്നത്തെ പുരോഗമനവാദികൾ. ഇവിടെക്കാണ് മനുഷ്യ സ്‌നേഹത്തിന്റെ മഹാ പ്രകാശവുമായി കന്യാസ്ത്രീകളടക്കമുള്ള ഇതര സഭകളിലെ ക്രിസ്തിയ വേലക്കാർ കടന്നുവരുന്നത്. പ്രകാശത്തിന് സഞ്ചരിക്കാൻ ആരുടേയൂം സഹായം ആവശ്യമില്ല.

1678-ൽ ഡച്ച് ശാസ്ത്രജ്ഞനായ ക്രിസ്ത്യൻ ഹൈജീൻസ് പ്രകാശ തരംഗം കണ്ടെത്തുന്നതിന് മുൻപ് തന്നെ രണ്ടായിരത്തി അഞ്ഞുറു വർഷങ്ങൾക്ക് മുൻപ് യേശുക്രിസ്തുവിന്റെ പ്രകാശം ഒരു വസ്തുവിൽ പ്രകാശിക്കുന്നതുപോലെ മനുഷ്യരിൽ പ്രകാശിച്ചതാണ്. ആ വിപ്ലവ പ്രകാശം ലോകമെങ്ങും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആ പ്രകാശസ്രോതസ്സിനെ എങ്ങനെയാണ് മനുഷ്യർക്ക് അണയ്ക്കാൻ സാധിക്കുക? ഈ പ്രകാശത്തിന്റെ പ്രതിഭാസമാണ് എ.ഡി.52-ൽ ക്രിസ്തുശിഷ്യൻ സെന്റ് തോമസ് കേരളത്തിൽ വന്ന നാൾമുതൽ നടക്കുന്നത്. അദ്ദേഹം തന്നെ യേശുവിന്റെ നാമത്തിൽ പല അത്ഭുത പ്രവർത്തികൾ ചെയ്യുന്നത് കണ്ടിട്ടാണ് നമ്പൂതിരിമാരടക്കം ക്രിസ്തുമതം സ്വീകരിച്ചത്. മദ്രാസിലെ സെന്റ് തോമസ് മൗണ്ടിൽ അദ്ദേഹം രക്തസാക്ഷിയായി. ആ രക്തത്തിന്റെ വിലയാണ് ഇന്ത്യയിലെ യഥാർത്ഥ ക്രിസ്തിയാനികൾ. ദൈവരാജ്യ ദർശനമുള്ളവരുടെ മുന്നിൽ റോമൻ സാമ്പ്രാജ്യംവരെ തകർന്നടിഞ്ഞ ചരിത്രമാണുള്ളത്.

സമൂഹത്തിൽ വർണ്ണ-വർഗ്ഗവിവേചനമില്ലാതെ സേവനം ചെയ്യുന്ന ആത്മീയ ജീവകാരുണ്യ നവോദ്ധാന മിഷനറിമാരെയാണ് ഭാരതം 2025-ലും പീഡിപ്പിക്കുന്നത്. വടക്കേ ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ ആദിവാസികൾ, അടിമകൾ, കീഴാളന്മാരായി ഇന്നും പുഴുക്കളെപോലെ ജീവിക്കുന്നു. ഈ തമ്പ്രാക്കൾ ജീവിക്കുന്നിടത്തേക്കാണ് പ്രകാശരസ്മികളുമായി മതപരിവർത്തനത്തെക്കാൾ മനസ്സിന്റെ, ഹൃദയത്തിന്റെ പരിവർത്തനത്തിനായി സുവിശേഷ സമൂഹം ഇറങ്ങിത്തിരിച്ചത്. യഥാർത്ഥ ക്രിസ്തിയാനികൾ സുവിശേഷം പ്രചരിപ്പിക്കുന്നവരാണ്. അവർ രാഷ്ട്രീയ പ്രവർത്തകരല്ല, അരമനകളിൽ സുഖവാസ ജീവിതം നയിക്കുന്ന വരുമല്ല. ഈ പ്രകാശ തരംഗങ്ങളുടെ താപോർജ്ജം ആരിലൊക്കെയോ പൊള്ളലേൽപ്പിക്കുന്നതാണ് നാം കാണുന്നത്.

അമേരിക്കയിലും യൂറോപ്പിലും കുടിയേറിവന്ന ഹൈന്ദവ കൃഷ്ണ ഭക്തരാണ് അവിടെയെല്ലാം മതപരിവർത്തനം അല്ലെങ്കിൽ മനപരിവർത്തനം നടത്തുന്നത്. ഈ മന പരിവർത്തനത്തെ മതപരിവർത്തനമായി ഇവരൊന്നും കാണുന്നില്ല. അഥവാ കണ്ടാൽ അതിനെ കാണുന്നത് മനുഷ്യാവകാശ ലംഘനമായിട്ടാണ്. ഐസ്‌ക്ക്‌കോൺ (ISKCON) എന്ന ‘ഹരേ റാം ഹരേ കൃഷ്ണ’ സംഘടന ആഗോളതലത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽ വലിയ ഹൈന്ദവ പ്രചാരണം അവരുടെ സങ്കീർത്തനങ്ങൾ വഴിയും, ലക്ഷക്കണക്കിന് പുസ്തകങ്ങൾ, ലഘുലേഖകൾ വിതരണം ചെയ്തും, യോഗ കേന്ദ്രങ്ങളിൽ വർക്ക്‌ഷോപ്പുകൾ നടത്തിയും ഹിന്ദുവിശ്വാസത്തിലേക്കുള്ള ഒരു വാതായനം തുറക്കുന്നു. ലണ്ടൻ, പാരിസിലെ വഴിയോരങ്ങളിൽ അവരുടെ ഹരേ റാം കീർത്തനം പലവട്ടം ഞാൻ കേട്ടിരിക്കുന്നു. ഇന്ത്യക്കാർക്കൊപ്പം മദാമ്മ പാടുന്നത് കേട്ടാൽ ചില ക്രിസ്ത്യൻ പാട്ടുകൾപോലെ ഈ ലോക ശ്മശാനത്തിൽ നിന്ന് പുതിയൊരു ലോകത്തേക്ക് പറക്കുന്നതായി തോന്നും. മണിക്കുറുകൾ ഞാനത് ആസ്വദിച്ചിട്ടുണ്ട്. ഒരിക്കൽ നല്ല ഭക്ഷണവും ലഭിച്ചു. അവരോട് ആദരവ്, അനുകമ്പ, ദയ മാത്രമാണ് തോന്നിയിട്ടുള്ളത്.

ആർഷഭാരതത്തിലല്ലേ ശ്രീ. രവിശങ്കറിന്റെ ‘ആർട്ട് ഓഫ് ലിവിങ്’, ‘ഇഷാ ഫൗണ്ടേഷൻ’, ‘മാതാ അമൃതാനന്ദഭായ് മിഷൻ’ ഇങ്ങനെ എത്രയോ സാമൂഹ്യ സാംസ്‌കാരിക ആത്മീയ സേവന സംഘടനകൾ യോഗ നടത്തിയും ആരോഗ്യം സംരക്ഷിച്ചും സാമ്പത്തിക സഹായങ്ങൾ ചെയ്തും തന്ത്രപരമായി മത പരിവർത്തനം നടത്തുന്നുണ്ട്. നിരീശ്വരവാദവും കഞ്ചാവും വളരുന്ന ദേശങ്ങളിൽ, രാജ്യങ്ങളിൽ ആത്മീയ ചിന്തകൾ വളർത്തി വീണ്ടെടുക്കയോ വീടുണ്ടാക്കി കൊടുക്കയോ ചെയ്യുന്നത് സർവ്വോന്നത പ്രവർത്തിയായി കാണേണ്ടതല്ലേ? ഈ രാജ്യങ്ങളിലെ 30 -35% തദ്ദേശീയ ക്രിസ്തിയാനികളാണ് മത മന പരിവർത്തനം നടത്തി പല പേരുകളിൽ ഹൈന്ദവരായി മാറ്റുന്നത്. ഒരു ക്രിസ്തിയാനിയും അവരുടെ മാനസിക സന്തോഷത്തെ ചോദ്യം ചെയ്യുന്നില്ല. അതിന്റെ കാരണം മതത്തേക്കാൾ ഇവർ മനുഷ്യമൂല്യങ്ങളിൽ വിശ്വസിക്കുന്നു. ഇന്ത്യയിലെ കപട വിശ്വാസികൾ, ദുർബുദ്ധികൾ ഇത് കണ്ടാൽ പറയും ഇവർ മത പരിവർത്തനം നടത്തുന്നു. തല്ലിക്കൊല്ലണം. ഇതിനെ മതപരിഭ്രാന്തായി അറിവും ആത്മാവുമുള്ള മനുഷ്യർ കാണാറില്ല.

ദുർഗ്ഗിലെ ഒരു രാഷ്ട്രീയ ഗുണ്ട വർഗ്ഗിയവാദി സ്ത്രീ ജ്യോതി ശർമയിൽ കണ്ടത് വിദേശ ഇന്ത്യക്കാരെ നാണംകെടുത്തുന്ന, മതേതര ഇന്ത്യയുടെ ഭരണഘടനയെ അപമാനിക്കുന്ന പ്രവർത്തികളാണ്. ഇങ്ങനെ എത്രയോ ജ്യോതിമാർ ഓരോ സംസ്ഥാനങ്ങളിലുമുണ്ട്. ഇങ്ങനെ വർഗ്ഗീയ വിഷം ചീറ്റുന്നവർക്ക് എന്തുകൊണ്ടാണ് ഭരണകൂടങ്ങൾ കൂട്ടുനിൽക്കുന്നത്? ഒരു പൗരന്റെ സ്വാതന്ത്ര്യത്തിൽ എന്തിനാണ് ഇവർ നുഴഞ്ഞുകയറുന്നത്? ഇന്ത്യയിലെ സുവിശേഷകർ വഴിയോരങ്ങളിൽ സുവിശേഷം പ്രസംഗിച്ചാൽ എന്തിനാണിവർ അസഹിഷ്ണരാകുന്നത്? പാശ്ചാത്യ രാജ്യങ്ങളിൽ ഹരേ റാം പാടുന്നവരെ ആരും അപമാനിക്കുന്നില്ല. പാവം ദുർബലരായ മനുഷ്യരെ എന്തിനാണ് ആക്രമിക്കുന്നത്? അവരുടെ മടിയിരിലിരിക്കുന്ന ദൈവത്തെ കട്ടു കൊണ്ടുപോയോ? ഈ വർഗ്ഗീയവാദികൾ കാലുകുത്താൻ അധൈര്യപ്പെടുന്നിടത്താണ് മാലാഖമാരായ കന്യാസ്ത്രികൾ സേവനം ചെയ്യുന്നത്. അവിടെ എന്തിനാണ് പിശാചുക്കൾ കൂത്താടുന്നത്?

ആദിവാസികളൊഴിച്ചാൽ ഇന്ത്യയിലുള്ളവരെല്ലാം മതം മാറി വന്നവരാണ്. ക്രിസ്ത്യൻ മിഷനറിമാർ ഗൂഡ തന്ത്രങ്ങളിലൂടെ ആരെയും മതം മാറ്റാറില്ല. ഒരാൾ മനം മാറി വരുന്നത് അവന്റെ അനുഭവസാക്ഷ്യമാണ്. മതം മാറിയവർ ഹിന്ദുമതത്തിലേക്കും മടങ്ങി വരാറുണ്ട്. ദുർഗ്ഗിൽ നടന്നത് മനുഷ്യാവകാശ അന്താരാഷ്ട്ര ലംഘനമാണ്. മണിപ്പൂരിലും ഇന്ത്യയിൽ പലയിടത്തും നടക്കുന്നത് വിദേശ മാധ്യമങ്ങളിൽ കാണാറുണ്ട്. ന്യൂനപക്ഷ പീഡനം നടത്തുന്ന പാകിസ്ഥാൻ അന്താരാഷ്ട്ര വേദികളിൽ പറയുന്നത് മുസ്ലിം ക്രിസ്ത്യൻ ദളിതർ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുന്നുവെന്നാണ്. പാവങ്ങളുടെ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടാത്തതും അവരെന്നും വോട്ടുപെട്ടി നിറക്കാൻ ദാരിദ്ര്യത്തിൽ കഴിയണമെന്നാണോ?

ഇന്ത്യയിലെ ക്രിസ്തിയാനികൾ രാജ്യത്തെ ഒറ്റുകൊടുക്കുന്നവരല്ല. ഭീകരപ്രവർത്തനങ്ങൾ നടത്തുന്നവരല്ല, മനുഷ്യക്കടത്തുകാരല്ല. ആക്രമം, ആക്രോശം നടത്തുന്നവരല്ല. നിരപരാധികളായ കന്യാസ്ത്രികളെ എൻ ഐ യുടെ കീഴിലേക്ക് എറിഞ്ഞുകൊടുത്തത് ആരാണ്? എന്തിനവർ രണ്ടാഴ്ചയിലൊരു പ്രാവശ്യം പോലീസിൽ പോയി ഒപ്പ് വെക്കണം? അവർ കൊടും കുറ്റവാളികളാണോ? ഇങ്ങനെയൊരു ജാമ്യം നേടിയത് ആരെ പ്രീതിപ്പെടുത്താനാണ്? മിഷനറിമാരെ വർഗ്ഗീയവാദികൾ ആക്രമിക്കുന്നത് ഭരണ ഘടനയോടുള്ള ലംഘനമെന്ന് സഭാ നേതൃത്തത്തിനറിയില്ലേ? കുറ്റവാളിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചാൽ നിയമവാഴ്ചയുള്ള ഒരു രാജ്യത്തു് എന്തിനാണ് ജയിലിൽ നിന്ന് വിടാൻ കേന്ദ്രമന്ത്രിയുടെ സഹായം തേടുന്നത്? കുറ്റവാളികളെ ശിക്ഷിക്കുക രക്ഷപ്പെടുത്തുക രാജ്യം ഭരിക്കുന്ന മന്ത്രിമാരാണോ? മനുഷ്യർക്ക് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ? ഇത് ഇന്ത്യൻ നിയമവാഴ്ചകളോടുള്ള വെല്ലുവിളിയാണ്. നിയമമറിയുന്ന ആർക്കുമറിയാം ഒരു കോടതിക്കും അവരെ തുറുങ്കിൽ തളച്ചിടാൻ സാധിക്കില്ല. രാഷ്ട്രീയ പാർട്ടികളുടെ ഭരണ മത ഇരട്ടത്താപ്പ് എന്തുകൊണ്ടാണ് സഭാ നേതൃത്വം മനസ്സിലാക്കാത്തത്? കേരളത്തിലെ രാഷ്ട്രീയക്കാർ തൃശൂരിൽ കന്യാസ്ത്രികൾക്ക് സംഭവിച്ചത് അറിഞ്ഞില്ലേ? ഒറീസ സംസ്ഥാനത്തു് 1999-ൽ കുഷ്ടരോഗികളെ ശിശ്രൂഷിച്ചുകൊണ്ടിരിന്ന ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും ജീപ്പിൽ ജീവനോടെ ചുട്ടെരിച്ച ഭീകര സംഘടനയാണ് ബജ് രംഗ്ദൾ. യേശു ശത്രുക്കളെ സ്‌നേഹിക്കാനാണ് പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ആ കൊലയാളിയോട് ക്ഷമിച്ചു. ഒടുവിൽ കൊലയാളി മനം മാറി ക്രിസ്തിയാനിയായത് ജ്യോതി ശർമ്മക്കറിയില്ലേ?

ക്രിസ്തുവിനെ അനുഗമിക്കുന്നവർ ക്രിസ്തുവിന്റെ ദർശനത്തിലാണ് ജീവിക്കേണ്ടത് അതിലുപരി അധികാരികളുടെ തണലിലല്ല. ഇവിടെ വേണ്ടത് ശക്തമായ നിലപാടുകളാണ് മൃദുസമീപനമല്ല. നിരപരാധി കളെ മറ്റ് 52 തടവുകാർക്കൊപ്പം ഒൻപത് ദിവസം ജയിലിൽ പാർപ്പിച്ചവരെ കുറഞ്ഞത് ഒൻപത് വർഷമെ ങ്കിലും തുറുങ്കിലടക്കാൻ സഭകൾ മുന്നോട്ട് വരണം. പാവങ്ങളായ മുന്ന് പെൺകുട്ടികൾ, ഒരു യുവാവ് അനുഭവിച്ച പീഡനമുറകൾ മറ്റൊരു കദനകഥയാണ്. കന്യാസ്ത്രികൾ പുറത്തുവന്ന ദിവസം രാഷ്ട്രീയ പാർട്ടികൾ നടത്തിയ അന്തർ ദേശീയ തെരുവ് നാടക മത്സരത്തിൽ ആരൊക്കെ ഒന്നാം സ്ഥാനത്തു് വരുമെന്നും ഏറ്റവും നല്ല ഹാസ്യനടൻ ആരെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കാണാം. ഏത് രാഷ്ട്രീയ പാർട്ടിയായാലും ഭരണഘടനയെ അപമാനിക്കരുത് അനുസരിച്ചു ജീവിക്കണം.

കാരൂർ സോമൻ, (ചാരുംമൂടൻ)
www.karoorsoman.net

 

Send your news and Advertisements

You may also like

error: Content is protected !!