ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനുമായി ആശയവിനിമയം നടത്തി ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചിയുമായി ടെലിഫോണിൽ സംസാരിച്ചു. മേഖലയിലെ സംഘർഷത്തിൽ ഇന്ത്യയുടെ ആഴത്തിലുള്ള ആശങ്ക അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തിയെന്ന് ജയശങ്കർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ചർച്ചകൾ ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക നടപടികൾക്ക് പകരം ചർച്ചകളും നയതന്ത്രവും വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഇറാനിലും സമീപ പ്രദേശങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ വൻതോതിലുള്ള രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. ഇതിനായി വ്യോമസേനയുടെ വിമാനങ്ങളും നാവികസേനയുടെ കപ്പലുകളും സജ്ജമാക്കിയിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ, ഇസ്രായേൽ, അമേരിക്കൻ പ്രതിനിധികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് സൂചന. ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ നിലപാട്.
പശ്ചിമേഷ്യൻ സംഘർഷ പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. സാധ്യമായ എല്ലാ സഹകരണവും നൽകുമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് ഇതു സംബന്ധിച്ച ചില നിർദേശങ്ങൾ വെച്ചെന്നും എന്നാൽ അവ ഇപ്പോൾ വെളിപ്പെടുത്താൻ പറ്റില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ട്രംപുമായി പുടിൻ ഫോണിൽ സംസാരിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാനും പിരിമുറുക്കം കുറയ്ക്കാനും വിവിധ മധ്യസ്ഥതയ്ക്കുള്ള വഴികൾ വാഗ്‌ദാനം ചെയ്‌തതായും പെസ്കോവ് പറഞ്ഞു.
പുടിൻ മുന്നോട്ടു വെച്ച നിർദേശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ച ക്രെംലിൻ വക്താവ്, ഈ നിർദ്ദേശങ്ങൾ ഇപ്പോഴും പരിഗണനയിലുണ്ടെന്ന് പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ എന്ത് സഹായവും നൽകാൻ റഷ്യ തയ്യാറാണെന്നും പെസ്കോവ് കൂട്ടിച്ചേർത്തു. ഒത്തുതീർപ്പിന് മുൻപായി യുക്രെയ്‌നിൽ വെടിനിർത്തലിന് ട്രംപ് ആവശ്യപ്പെട്ടിട്ടില്ലെന്നും നിബന്ധനകളൊന്നും മുന്നോട്ടു വെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ യുദ്ധം നീളില്ലെന്ന് ട്രംപ് ഇന്നലെ സൂചന നൽകിയിരുന്നു.
ഇറാനുമായി വിവിധ രാഷ്ട്രങ്ങൾ ആശയവിനിമയം നടത്തുന്നുണ്ട്. തുർക്കി പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഇറാനുമായി സംസാരിച്ചു. ചർച്ചകളിലേക്കു മടങ്ങണമെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും തുർക്കി ആവശ്യപ്പെട്ടു.


