മലയാള സിനിമയില്‍ ഒരു കാലഘട്ടത്തില്‍ ഏറെ തിരക്കുള്ള ക്യാമറാമാനായിരുന്നു വിപിന്‍ ദാസ്. സാങ്കേതികമായി വലിയ സൌകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത്, ക്യാമറകൊണ്ട് മലയാള സിനിമയ്ക്ക് മികച്ച ദൃശ്യസൗന്ദര്യം സമ്മാനിച്ചവരിൽ പ്രമുഖനായ ക്യാമറാമാനാണ്. ‘ആര്‍ട്ടെ’ന്നോ ‘കൊമേഴ്സ്യ’ലെന്നോ ഉള്ള വേര്‍തിരിവ് അദ്ദേഹം സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ കാണിച്ചില്ല.
പി.എ. ബക്കറിനൊപ്പം ‘മണിമുഴക്കം‘ (1976) ചെയ്ത വിപിന്‍ ദാസ് തന്നെ മുഖ്യധാരാ സിനിമകളായ കെ. മധുവിന്‍റെ ‘സി. ബി. ഐ. ഡയറിക്കുറിപ്പി‘ന്‍റെയും ‘ഇരുപതാം നൂറ്റാണ്ടി‘ന്‍റെയും ഛായാഗ്രാഹകനായി. ഭരതനും പത്മരാജനും പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു വിപിന്‍ ദാസ്. പത്മരാജന്‍റെ പ്രശസ്തമായ ‘ഒരിടത്തൊരു ഫയല്‍വാൻ’ ക്യാമറ ചലിപ്പിച്ചത് വിപിൻദാസാണ്.
വിപിൻദാസിൻ്റെ 15-ാം ഓർമ്മദിനം
തൃശൂർ ജില്ലയിലെ പഴയന്നൂർ സ്വദേശിയാണ് വിപിൻദാസ്. ജനനം, 1940 നവംബർ 26-ന്. പള്ളിപ്പട്ട ശങ്കരൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. 15-ാം വയസ്സിൽ അദ്ദേഹം ഫോട്ടോഗ്രാഫി പഠിക്കാൻ മദ്രാസിലേക്ക് പോയി. ഔപചാരിക പഠനമൊന്നും ഉണ്ടായില്ലങ്കിലും പ്രശസ്ത ഛായാഗ്രാഹകരിൽ നിന്ന് ഈ കലാവിദ്യ നന്നായി പഠിച്ചു.
മുംബയിലെ പ്രശസ്ത സ്റ്റിൽ ഫോട്ടോ ഗ്രാഫറായിരുന്ന സുബ്രതോ മിശ്രയുടെ സഹായിയായി സിനിമയിലെത്തി. മീനാകുമാരി എന്ന താരത്തെ ക്യാമറയിൽ പകർത്തിയാണ് ഈ രംഗത്ത് ചുവടുറപ്പിച്ചത്. ഈ ചിത്രം ‘സ്ക്രീൻ’ മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ചിരുന്നു.
ഇരുനൂറോളം ചിത്രങ്ങളുടെ ക്യാമറാമാനായി പ്രവർത്തിച്ചു. 1969-ൽ ‘തലാട്ട്’ എന്ന തമിഴ് ചിത്രത്തിന്റെ സംവിധാനവും ഛായഗ്രഹണവും നിർവഹിച്ചു. (നിർമ്മണം; തായാര് ഫിലിംസ്; പിന്നീട് ഇതേ പേരിൽ, 1993-ൽ മറ്റൊരു തമിഴ് സിനിമ കൂടി ഉണ്ടായി) പിന്നീട് മലയാളത്തിൽ, ‘പ്രതിധ്വനി’, ‘ഒരു കൊച്ചു സ്വപ്നം’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
പത്മരാജൻ, ഭരതൻ എന്നിവരുടെ പല ആദ്യകാല ചിത്രങ്ങൾക്കുമാത്രമല്ല കെ. മധു സംവിധാനം ചെയ്ത ചില ആക്ഷൻ ചിത്രങ്ങൾക്കും ഛായാഗ്രഹണം നിർവഹിച്ചത് വിപിൻദാസാണ്. പി.എ. ബക്കർ, ഫാസിൽ, ഐ.വി.ശശി, ജോഷി, ഹരിഹരൻ എന്നിവരുടെ പല സിനിമകൾക്കും വിപിൻദാസ് ക്യാമറാമാനായിട്ടുണ്ട്.
ഐ വി ശശിയോടൊപ്പമാണ് ഏറ്റവുമധികം ചിത്രങ്ങളിൽ പ്രവർത്തിച്ചത്; ഐ.വി. ശശിയുടെ ഇരുപത്തിയഞ്ചോളം ചിത്രങ്ങളിൽ വിപിൻദാസ് ഛായാഗ്രാഹകനായി പ്രവർത്തിച്ചു.
മണിമുഴക്കം, കബനീനദി ചുവന്നപ്പോൾ, അവളുടെ രാവുകൾ, ചില്ല്, ഒരിടത്തൊരു ഫയൽവാൻ, ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, ജാഗ്രത, മൂന്നാംമുറ, ശ്രീകൃഷ്ണപ്പരുന്ത്, കാറ്റത്തെ കിളിക്കൂട്, നിറക്കൂട്ട്…. എന്നിങ്ങനെ വൈവിധ്യമുള്ള എത്രയെത്ര സിനിമകൾക്കു ക്യാമറക്കണ്ണുകൾ നിയന്ത്രിച്ചത് ഈ ഛായാഗ്രാഹകനാണ്. 2010-ൽ പുറത്തിറങ്ങിയ ‘തത്വമസി’യാണ് അവസാനമായി ഛായാഗ്രഹണം നിർവഹിച്ച ചിത്രം.
‘മണിമുഴക്കം’ എന്ന സിനിമയിലൂടെ 1976-ലെ മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന അവാർഡ് നേടി.
1990-കൾ വരെ സജീവമായിരുന്ന വിപിൻദാസ് പിന്നീട് പതുക്കെ സിനിമ രംഗത്ത് സജീവമല്ലാതായി ചെന്നൈയില്‍ ഒതുങ്ങിക്കഴിഞ്ഞു. ഒരു ഡോക്യുമെന്‍ററിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് വിപിന്‍ ദാസ് 2011-ൽ വയനാട്ടിലെത്തിയത്. അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കിടെ വയനാട്ടിലെ വൈത്തിരിയിൽ വച്ച് ഹൃദയസ്തംഭനത്തെ തുടർന്ന് 2011 ഫെബ്രുവരി 12-ന്, 70-ാം വയസിൽ അന്തരിച്ചു.
അംബിക മേനോനാണ് ഭാര്യ; സ്വരൂപ, സത്യജിത്ത് എന്നിവർ മക്കളാണ്.
ആർ. ഗോപാലകൃഷ്ണൻ


