ഏറെ നാളായി തീയേറ്റർ നിറഞ്ഞു തൂവുന്ന ഒരു ആഹ്ളാദം കണ്ടിട്ട്..
അതും ചെറുപ്പക്കാരുടെ..
കോട്ടയത്ത് വാഴ – II കാണാൻ ചെന്നപ്പോൾ മുതൽ കാണികളെ ശ്രദ്ധിച്ചു നിന്നു. ഞങ്ങളുടെ കാലത്തെ കോളേജ് പിള്ളാരുടെ സിനിമ കാണൽ ഓർമ്മവന്നു..
അന്ന് പിള്ളേരുടെ സ്വന്തമായിരുന്നു മോണിങ് ഷോ. അതുപോലെ തന്നെ തോന്നി. (മാറ്റിനിക്കാണ് ടിക്കറ്റ് കിട്ടിയത്) ചെറുപ്പത്തിന്റെ സന്തോഷവുമായി പറന്നിറങ്ങുന്നവർ. കൂട്ടമായി വരുന്ന പെൺകുട്ടികൾ …
ആൺപിള്ളേരുടെ പടകൾ ..
പെൺകുട്ടികൾ പുതിയ തരം വസ്ത്രങ്ങളൊക്കെയണിഞ്ഞ് ആത്മവിശ്വാസത്തിന്റെ മിനുക്കങ്ങൾ മുഖത്തണിഞ്ഞ് ഉല്ലാസത്തോടെ നടക്കുന്നു..
തീയേറ്റർ പരിസരത്തുള്ള കൂറ്റൻ ഫ്ളക്സ് ബോർഡുകൾക്ക് മുന്നിൽ സെൽഫിയെടുക്കുന്നു..
സിനിമയുടെ ഇരുട്ടിലിരുന്ന് കൂവേണ്ട സമയത്ത് കുവാനും ആർപ്പുവിളിക്കാനും …
അവസാനം കണ്ണീരണിയാനും അവർക്ക് കിട്ടിയ സ്വാതന്ത്ര്യം …
അതായിരുന്നു വാഴ – 2 സിനിമ പകർന്ന അനുഭവം. തങ്ങളിലോരോരുത്തരുടെയും അനുഭവങ്ങളുമായി ഒത്തുനോക്കിയ ഇന്നിന്റെ ചെറുപ്പം ഇവരൊക്കെ തങ്ങൾ തന്നെയല്ലേ എന്നു തിരിച്ചറിഞ്ഞ പ്രതികരണങ്ങളായിരുന്നു.
അതിസുന്ദര നായകരോ നായികമാരോ സ്വപ്നതുല്യ വേഷവിധാനങ്ങളോ നൃത്തച്ചുവടുകളോ ലോക്കേഷൻ മാസ്മരികതകളോ അവർക്ക് വേണ്ടായിരുന്നു.
കുട്ടികളുടെ പ്രായത്തിന്റെ പ്രത്യേകതകളും ചാപല്യങ്ങളും സ്വപ്നങ്ങളും നിറയുമ്പോഴും അവർ മാറുന്ന മാറ്റം; യാഥാർത്ഥ അനുഭവങ്ങളുടെ കരുത്തറിഞ്ഞ് ജീവിക്കാനുറച്ച് മുന്നേറുന്ന കാഴ്ച ഹൃദയാകർഷകം തന്നെ.
ഏറ്റം മികച്ച സന്ദേശമായി തോന്നിയ ഡയലോഗ് ഉണ്ട്. ആദ്യം പോലീസ് ഓഫീസർ പറയുന്ന താക്കീതടങ്ങിയ ആ ഡയലോഗ്, പിന്നീട് കഥയിലെ നായകൻ ഏറ്റുപറയുമ്പോൾ കണ്ണികൾ കൊളുത്തി നീണ്ടു നീങ്ങുന്ന ഒരു മുന്നറിയിപ്പായി അത് മാറുന്നു.
സിനിമയുടെ സാങ്കേതികതകളിലേക്കൊന്നും കടക്കുന്നില്ല. റീലും കണ്ടന്റ് വീഡിയോകളുമായി സോഷ്യൽ മീഡിയകളിൽ ഭാവന വിളയിക്കുന്ന എത്രയോ പേരുണ്ട് ഈ ചിത്രത്തിൽ. അവരുടെ കഴിവുകൾക്കുള്ള അംഗീകാരമാണിത്. ചിത്രം മികച്ചതാക്കാനിറങ്ങിയ വാഴ ടീമിന് അഭിനന്ദനങ്ങൾ!
സുധീഷും ബിജുക്കുട്ടനുമൊക്കെ അച്ഛൻ മാരായി വരുന്നത് കണ്ടിരിക്കാൻ എത്ര സുഖമായിരുന്നു. ഉള്ളിൽ തുളുമ്പുന്ന സ്നേഹവും സൗഹൃദവും ദീപ്തമാക്കുന്ന സിനിമയാണിത്. സാധാരണക്കാരായ നവകാല യുവതയുടെ ചിത്രം. ഇതിൽ അമ്മയെ സ്നേഹിക്കുന്ന അച്ഛനെ സ്നേഹിക്കുന്ന സഹോദരങ്ങൾക്ക് തുണയാകുന്ന നല്ല അധ്യാപകനെ ബഹുമാനിക്കുന്ന സൗഹൃദങ്ങൾക്ക് ആത്മാർത്ഥത കൽപ്പിക്കുന്ന പുതിയ കുട്ടികൾ മാത്രമാണുള്ളത്.
ലോകം, ജീവിതം കരച്ചിലിന്റെയും കൂടിയാണ് എന്ന ബോധ്യമുണർത്തുന്ന സിനിമ.
തീയേറ്ററിലെ ഇരുട്ടിലിരുന്ന് കരഞ്ഞവർക്ക് ആർപ്പു വിളികൾക്ക് എല്ലാറ്റിനും നന്ദി.
ഈ ടീം വർക്കിന് അഭിനന്ദനങ്ങൾ..!
ജീവിതം ജയിച്ചോട്ടെ..
കായ്ഫലമേറെയുള്ള ഈ വാഴയ്ക്ക് ഇനിയും തുടർച്ചകളുണ്ടാവട്ടെ..!
ആൻസി സാജൻ

