സി.പി.എം സംസ്ഥാന കമ്മറ്റി അംഗം, CITU ദേശീയ സെക്രട്ടറി, ട്രേഡ് യൂണിയൻ നേതാക്കന്മാരിൽ, കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന ‘താത്വികാചാര്യൻ’, എന്നീ നിലകളിൽ പ്രവർത്തിച്ച വാളംപറമ്പിൽ ബഹനാൻ ചെറിയാൻ എന്ന വി.ബി ചെറിയാൻ്റെ ഓർമ്മകൾക്ക് രാഷ്ട്രീയ കേരള ചരിത്രത്തിൽ വളരെയധികം പ്രാധാന്യമുണ്ട്.
തിരുവല്ല – നിരണം, കടപ്ര, വാളംപറമ്പിൽ വി.സി. ബെഹനാന്റെയും ചിന്നമ്മയുടെയും മൂത്തമകനായി ജനനം. പാർട്ടിക്കു വേണ്ടി, ട്രേഡുയൂണിയനു വേണ്ടി, സ്വന്തം പ്രസ്ഥാനത്തിലെ തൊഴിലാളികൾക്കുവേണ്ടി സ്വന്തം ‘കരിയർ നോക്കാതെ‘ അക്ഷീണം പ്രവർത്തിച്ച വി.ബി. ചെറിയാനെ 1998 -ല്‍ സേവ് സി.പി.എം ഫോറത്തിന്റെ കുറ്റംചാർത്തി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
പിന്നീട് മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) എന്ന പാര്‍ട്ടി രൂപവത്കരിച്ചു. എം.സി.പി. ഐ (യു), അതിൻ്റെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു.
1998 -ലാണ് സേവ് സി.പി.എം. ഫോറത്തിന്റെ കുറ്റം കണ്ടെത്തി വി.ബി. ചെറിയാനേയും സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനേയും, മറ്റ് ഏതാനും പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്.
ഗസറ്റഡ് റാങ്കിലുള്ള, ഒരുപക്ഷേ ജോലിയിൽ തുടർന്നെങ്കിൽ ഡെപ്യൂട്ടി ജനറൽ മാനേജർ/ ജനറൽ മാനേജർ അല്ലെങ്കിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എന്നീ പദവികളിലേതെങ്കിലുമൊന്നിൽനിന്നും വിരമിക്കേണ്ട വി.ബി. ചെറിയാനാണ് ജോലി കളഞ്ഞ് ട്രേഡ് യൂണിയൻ പ്രവർത്തനത്തിനിറങ്ങിയത്.
ട്രേഡുയൂണിയൻ രംഗത്തുള്ള പലരും MLA , മന്ത്രി രാജ്യസഭാംഗം ഒക്കെ ആയപ്പോൾ ഒന്നും നേടിയില്ലെന്നു മാത്രമല്ല, പാർട്ടിപോലും അദ്ദേഹത്തെ ഉപേക്ഷിച്ചു.
എസ്.എസ്.എൽ.സി. പരീക്ഷയിൽ റാങ്കോടെ വിജയം. വി.ബി. ചെറിയാൻ എന്ന സമർത്ഥനായ വിദ്യാർത്ഥി, എൻജിനീയറിംഗ് ബിരുദധാരി ട്രേഡ് യൂണിയൻ രംഗത്തെത്താൻ ഒരു കാരണവുമുണ്ട്. അത് FACT യുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഫാക്ട് ടൗണ്‍ഷിപ്പിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം…. അച്ഛൻ ഫാക്ടിലെ ഉദ്യോഗസ്ഥനായിരുന്നു. ഒപ്പം അവിടുത്തെ ട്രേഡുയൂണിയൻ നേതാവും… അച്ഛൻ്റെ കൂട്ടുകാര്‍ സ്ഥിരമായി വീട്ടലെത്തുകയും ട്രേഡുയൂണിയൻ വിഷയങ്ങൾ ചർച്ചചെയ്യുകയും ചെയ്യുന്നതു കണ്ടാണ് വി.ബി ചെറിയാൻ വളർന്നത്.
പാട്ടുകാരുടെ മക്കൾക്ക് പാട്ടിൽ താല്പര്യം ജനിക്കുന്നതുപോലെ വി.ബി. ചെറിയാൻ്റെ മനസ്സിലും കമ്മ്യൂണിസ്റ്റ് ആശയവും, ട്രേഡുയൂണിയൻ പ്രവർത്തനവും ഉടലെടുത്തു. ഇ ബാലാനന്ദനൊക്കെ സ്ഥിരമായി വീട്ടിൽ എത്തുന്നതും ചർച്ച ചെയ്യുന്നതുമൊക്കെ സ്ഥിരം കാഴ്ചകളും.
പഠിക്കാൻ സമർത്ഥനായ ചെറിയാന് എന്‍ജിനിയറിങ്ങിനും മെഡിസിനും അഡ്മിഷന്‍ കിട്ടിയെങ്കിലും എൻജിനീയറിംഗ് പഠനമാണ് തെരഞ്ഞെടുത്തത്. പോയത് രാമവർമ്മപുരത്തെ തൃശൂർ എൻജിനീയറിംഗ് കോളേജിലേക്കും.. ഇലക്ട്രിക്കല്‍ ബ്രാഞ്ചിൽ…. അവിടെ വിദ്യാർത്ഥിയായിരിക്കുമ്പോൾതന്നെ വിദ്യാർത്ഥി സംഘടനയുടെ സജീവ പ്രവർത്തകനുമായി, സ്റ്റുഡന്റ്‌സ് ഫെഡറേഷൻ്റെ ജില്ലാതല നേതാവുമായി, തുടർന്ന് ഫാക്ടില്‍ എന്‍ജിനിയറായി ജോലിയിൽക്കയറി…
ഫാക്ടിലെ ഒരു ഓഫീസര്‍ എന്നനിലവിട്ട് രാഷ്ടീയ പ്രവർത്തനം കൂടിയായപ്പോൾ മാനേജ്മെൻ്റ് ഇടപെട്ടു. വർക്കർ കാറ്റഗറിയിലുള്ള ട്രേഡ് യൂണിയൻ നേതാക്കന്മാർ രാഷ്ട്രീയ പ്രവർത്തനംകൂടി കൊണ്ടുനടക്കുന്നതുപോലെ ഓഫീസർക്ക് അത് പറ്റുന്നതല്ല എന്ന സ്റ്റാൻഡിംഗ് ഓർഡർ തന്നെ കാരണം. അങ്ങനെ ഫാക്ടറിൽ നിന്നു രാജിവച്ച് പിന്നീട് പോയത് KSEB യിലേക്കും. അവിടേയും തുടർന്നില്ല. പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ- ട്രേഡുയൂണിയൻ പ്രവർത്തകനായി.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ CITU വിൻ്റെ നേതാക്കാർ പലരും പ്രസിഡൻ്റായും മറ്റും പ്രവർത്തിക്കുന്ന സംഘടനയ്ക്കും ട്രേഡുയൂണിയൻ ക്ലാസ്സെടുക്കുന്നത് വി.ബി. ചെറിയാനായിരുന്നു. ഞാൻ ജോലി ചെയ്ത സ്ഥാപനത്തിൻ്റെ ഗേറ്റിൽ നിരവധി തവണ പ്രസംഗിക്കുന്നത് കേൾക്കാൻ അവസരമുണ്ടായിട്ടുണ്ട്.
FACT യിൽ നിന്ന് ജോലി രാജിവച്ച്, എസ്.സി ‘എസ്. മേനോൻ ട്രേഡുയൂണിയൻ പ്രവർത്തനത്തിൽ മുഴുകിയതുപോലെ, വി.ബി. ചെറിയാനും തൻ്റെ കരിയർ നോക്കാതെ ട്രേഡ് യൂണിയൻ പ്രവർത്തത്തിനിറങ്ങി. ഇതിൽ നിന്നൊന്നും ഒന്നും നേടാനാകാതെ പാർട്ടിയിൽ നിന്നു പുറത്തായ ട്രേഡ് യൂണിയൻ രംഗത്തെ ഈ വേറിട്ടമുഖം 2013 മാർച്ച് 2 ന് ഓർമ്മയായി.
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ


