ടെഹ്‌റാൻ: ജനകീയ പ്രക്ഷോഭം ഇറാനിൽ തുടരുന്ന സാഹചര്യത്തിൽ പസിഫിക് സമുദ്രമേഖലയിലുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി. യുഎസിന്റെ മൂന്ന് യുദ്ധക്കപ്പലുകളാണ് പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നത്. ഇന്ത്യന്‍ സമുദ്രമേഖലയില്‍ പ്രവേശിച്ചെന്നാണു വിവരം. യുദ്ധക്കപ്പലുകളുടെ സ്ട്രൈക്ക് ഗ്രൂപ്പ് ലക്ഷ്യസ്‌ഥാനത്ത് എത്തുകയാണെന്നാണ് റിപ്പോർട്ട്. യുഎസ്എസ് അബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലാണ് നേതൃത്വം നൽകുന്നതെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇനിയൊരു ആക്രമണം ഉണ്ടായാൽ മുഴുവന്‍ കരുത്തുമെടുത്ത് തിരിച്ചടിക്കാന്‍ തങ്ങളുടെ സൈന്യം മടിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ‘ജൂണിൽ അമേരിക്ക ആക്രമിച്ചപ്പോൾ ഇറാൻ നിയന്ത്രണം പാലിച്ചു. ഇനിയൊരാക്രമണമുണ്ടായാൽ മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’ എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി മുന്നറിയിപ്പു നൽകിയത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ലക്ഷ്യമിട്ടാൽ പൂർണയുദ്ധമായിരിക്കും ഫലമെന്നു കഴിഞ്ഞദിവസം ഇറാൻ മുന്നറിയിപ്പു നൽകിയിരുന്നു. ഖമനയിക്കെതിരെ ഓങ്ങുന്ന കൈ വെട്ടുമെന്നും അവരുടെ ലോകം ചുട്ടുചാമ്പലാക്കുമെന്നാണ് ഇറാൻ സായുധസേനയുടെ വക്താവ് പ്രതികരിച്ചത്.
കഴിഞ്ഞ ആഴ്ച ഗൾഫ് രാജ്യങ്ങൾ ഇടപെട്ടതോടെ താൽക്കാലിക ശാന്തത നിലനിന്നിരുന്നെങ്കിലും, പുതിയ നീക്കങ്ങൾ മേഖല വീണ്ടും അസ്ഥിരതയിലേക്കു നീങ്ങുകയാണെന്ന സൂചന നൽകുന്നു.
ഡിസംബര്‍ 28 -നാണ് ഇറാനില്‍ പ്രതിഷധങ്ങളുടെ തുടക്കം. സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായപ്പോള്‍ തെഹ്‌റാനിലെ വ്യാപാരികളാണ് കടയടപ്പു പ്രക്ഷോഭം തുടങ്ങിയത്. തൊട്ടുപിന്നാലെ അത് വ്യാപിച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ ആയിരക്കണക്കിനാളുകള്‍ സര്‍ക്കാറിനെതിരൈ തെരുവിലിറങ്ങി. 31 പ്രവിശ്യകളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു. പ്രതിഷേധത്തെ തച്ചുതകര്‍ക്കാന്‍ സായുധസേനയും രംഗത്തിറങ്ങി. തുടര്‍ന്നാണ് ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടത്. ഇറാന്‍ പരാമാധികാര നേതാവ് ആയത്തുല്ല ഖാംനഈ തന്നെ ഇക്കഴിഞ്ഞ ദിവസം പരസ്യമായി സമ്മതിച്ചത് ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു എന്നാണ്.
പ്രക്ഷോഭകരെ ഉപദ്രവിച്ചാല്‍ ഇറാനെ തച്ചുതകര്‍ക്കും എന്നായിരുന്നു യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടക്കം മുതല്‍ ആവര്‍ത്തിച്ചത്. ഇറാനെ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി ഇസ്രായേലും പറഞ്ഞു. ഏതാക്രമണവും ശക്തമായി പ്രതിരോധിക്കുമെന്നാണ് ഇറാന്‍ ഇതിന് മറുപടി നല്‍കിയത്.
‘ഇസ്രയേലിനെ ആക്രമിച്ചാൽ ഇറാന്റെ അന്ത്യം; തുർക്കി-ഖത്തർ സൈനികരെ ഗാസയിൽ പ്രവേശിപ്പിക്കില്ല’: നെതന്യാഹു



