വാഷിങ്ടൺ: ഉപരോധം ലംഘിച്ച് വെനസ്വേലയിൽനിന്ന് എണ്ണക്കടത്ത് നടത്തുന്നതായി ആരോപിച്ച് റഷ്യന്‍ പതാകയുള്ള കപ്പൽ യുഎസ് പിടിച്ചെടുത്തു. വെനസ്വേലൻ എണ്ണവ്യാപാരത്തിന് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി റഷ്യൻ പതാക വഹിച്ച എണ്ണക്കപ്പൽ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ചാണ് യുഎസ് സൈന്യം പിടിച്ചെടുത്തത്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് ‘മരിനേര’ (ബെല്ല-1)എന്ന എണ്ണക്കപ്പൽ പിടിച്ചെടുത്തതെന്ന് യുഎസ് സൈന്യത്തിന്റെ യൂറോപ്യൻ കമാൻഡ് അറിയിച്ചു.
ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള വെനസ്വേലൻ എണ്ണയുടെ നീക്കം ലോകത്തിന്റെ ഏത് ഭാഗത്തായാലും തടയുമെന്നും ഉപരോധം പൂർണ്ണമായി നിലനിൽക്കുന്നുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. വെനസ്വേല, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്കായി ഉപരോധം ലംഘിച്ച് എണ്ണ കടത്തുന്ന ‘ഷാഡോ ഫ്ലീറ്റ്’ എന്നറിയപ്പെടുന്ന കപ്പലുകളുടെ കൂട്ടത്തിൽപ്പെട്ടതാണ് മരിനേരയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ആരോപിച്ചു.
സമീപകാലത്ത് ഇതാദ്യമയാണ് യുഎസ് സൈന്യം റഷ്യൻ പതാകയുള്ള ഒരു കപ്പൽ പിടിച്ചെടുക്കുന്നത്. ‘ബെല്ല 1’ എന്ന പേരിലറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് ‘മാരിനേര’ എന്ന പേരിലേക്ക് മാറ്റിയത്. തുടർന്ന് കപ്പൽ റഷ്യയിൽ രജിസ്റ്റർചെയ്യുകയുമായിരുന്നു. അമേരിക്ക പിന്തുടർന്ന ‘മാരിനേര’ കപ്പലിന് റഷ്യ സംരക്ഷണം നൽകുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കപ്പലിന് സംരക്ഷണം നൽകാനായി റഷ്യ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും വിന്യസിച്ചിരുന്നു.
1982 ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ അനുസരിച്ച് മറ്റ് രാഷ്ട്രത്തിന്‍റെ അധികാരപരിധിയിൽ കൃത്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകൾക്കെതിരെ ബലപ്രയോഗം നടത്താൻ ഒരു രാഷ്ട്രത്തിനും അവകാശമില്ല” എന്ന് റഷ്യയുടെ ഗതാഗത മന്ത്രാലയം പറഞ്ഞു.



