“ഓപ്പറേഷൻ എപ്പിക് ഫ്യൂറി” നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് മേഖലയിലെ സംഘർഷം അതിതീവ്രമായി തുടരുകയാണ്. ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിലെ തന്ത്രപ്രധാന മേഖലകളിൽ ശക്തമായ ആക്രമണങ്ങൾ ആണ് നടത്തുന്നത്. ഇറാനിലെ മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങളും നാവികസേനാ താവളങ്ങളും ലക്ഷ്യമിട്ട് അമേരിക്കൻ B-1 ബോംബർ വിമാനങ്ങൾ ശക്തമായ ആക്രമണം നടത്തി. ഇറാനിലെ മരണസംഖ്യ 550 കടന്നതായി ഇറാനിയൻ റെഡ് ക്രസൻ്റ് റിപ്പോർട്ട് ചെയ്യുന്നു. 49 മുതിർന്ന ഇറാനിയൻ നേതാക്കൾ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് അവകാശപ്പെട്ടു.
“ഏറ്റവും വലിയ ആക്രമണം (The Big Wave) ഇനിയും വരാനിരിക്കുന്നതേയുള്ളൂ” എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ്റെ മിസൈൽ ശേഷിയും നാവികസേനയും പൂർണ്ണമായി തകർക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നാലാം ദിവസത്തിലേക്ക് കടക്കുന്ന സംഘർഷത്തിൽ ഇറാനിൽ ഉണ്ടായ നാശനഷ്ടങ്ങൾ അതീവ ഗുരുതരമാണ്. ഇറാൻ്റെ പ്രധാന യുദ്ധക്കപ്പലുകളും നാവികസേനാ ആസ്ഥാനങ്ങളും തകർക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ടെഹ്‌റാൻ, ഇസ്ഫഹാൻ, ഷിറാസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്ക് ചുറ്റും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വ്യോമാക്രമണങ്ങളെത്തുടർന്ന് രാജ്യത്തെ പല ഭാഗങ്ങളിലും വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ തടസ്സപ്പെട്ടു.
കുവൈറ്റിലെ പോർട്ട് ഓഫ് ഷുഐബയ്ക്ക് സമീപമുള്ള യുഎസ് സൈനിക താവളത്തിൽ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെത്തുടർന്ന് 6 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ആക്രമണം നടന്ന ഉടനെ മൂന്ന് സൈനികരുടെ മരണം സ്ഥിരീകരിച്ചിരുന്നു. എന്നാൽ കാണാതായ മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി പിന്നീട് കണ്ടെടുത്തതോടെയും പരിക്കേറ്റ ഒരാൾ കൂടി മരണപ്പെട്ടതോടെയും ആകെ മരണം ആറായി ഉയർന്നു. അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ നിലവിൽ ചികിത്സയിലാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ആരംഭിച്ചതിനുശേഷം അമേരിക്കൻ സൈന്യത്തിനുണ്ടാകുന്ന ഏറ്റവും വലിയ നാശനഷ്ടമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മിഡിൽ ഈസ്റ്റിലെ 13 രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാർക്ക് ഏറ്റവും ഉയർന്ന സുരക്ഷാ മുന്നറിയിപ്പ് നൽകി. ഈ രാജ്യങ്ങളിൽ നിന്ന് ഉടൻ പുറത്തുകടക്കാൻ അമേരിക്കൻ പൗരന്മാരോട് നിർദ്ദേശിച്ചിരിക്കുകയാണ്. അമേരിക്കൻ പൗരന്മാരെയും സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ അനുകൂല ഗ്രൂപ്പുകൾ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആണ് മുന്നറിയിപ്പ്.
സംഘർഷം ലെബനനിലേക്കും വ്യാപിച്ചു. ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം നടത്തിയതിനെത്തുടർന്ന് ഇസ്രായേൽ ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി. തെക്കൻ ലെബനനിലും തലസ്ഥാനമായ ബെയ്റൂട്ടിലുമുള്ള ഹിസ്ബുള്ളയുടെ ആയുധപ്പുരകൾ ലക്ഷ്യമിട്ട് ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇന്നലെ നടന്ന ഈ ആക്രമണങ്ങളിൽ മാത്രം ലെബനനിൽ ഇതുവരെ 52 പേർ കൊല്ലപ്പെടുകയും 150-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തെക്കൻ ലെബനനിൽ നിന്ന് പതിനായിരക്കണക്കിന് ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വടക്കൻ ഇസ്രായേലിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ ഇസ്രായേൽ തുടർച്ചയായ വ്യോമാക്രമണം നടത്തുകയാണ്. ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് വിഭാഗം തലവനായ ഹുസൈൻ മക്ലെഡിനെ ബെയ്‌റൂട്ടിലെ ദഹിയ മേഖലയിൽ നടന്ന കൃത്യമായ ആക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (IDF) അറിയിച്ചു. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കും ഇസ്രായേലിനെതിരെയുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമാണ്. പാലസ്തീനിയൻ ഇസ്ലാമിക് ജിഹാദിൻ്റെ (PIJ) ലെബനനിലെ കമാൻഡറായ അധം അൽ-ഒത്മാനും ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടു. 41 വയസ്സുകാരനായ ഇദ്ദേഹം വർഷങ്ങളായി ഇസ്രായേലിനെതിരെയുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകിവരികയായിരുന്നു.
ഏകദേശം 200-ലധികം റോക്കറ്റുകൾ ഹിസ്ബുള്ള വടക്കൻ ഇസ്രായേലിലേക്ക് വിക്ഷേപിച്ചു. ഇസ്രായേലിന്റെ അയൺ ഡോം (Iron Dome) ഇവയിൽ പലതും തടഞ്ഞെങ്കിലും ചിലയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ നേരിട്ട് യുദ്ധത്തിൽ ഏർപ്പെട്ടതോടെ ഹിസ്ബുള്ളയുടെ ഇടപെടൽ മേഖലയെ പൂർണ്ണമായ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഇറാൻ്റെയും ഹിസ്ബുള്ളയുടെയും മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ ഇസ്രായേലിൽ ഇതുവരെ 11 മുതൽ 12 വരെ പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 456 ആളുകൾക്ക് വിവിധ ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ടെൽ അവീവ് നഗരത്തിലെ ഏകദേശം 40 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഒമ്പത് നിലകളുള്ള ഒരു പാർപ്പിട സമുച്ചയത്തിന് മിസൈൽ ആഘാതത്തിൽ വലിയ നാശനഷ്ടമുണ്ടായി. ജറുസലേം, ബീർഷെബ, ഹൈഫ തുടങ്ങിയ ഇടങ്ങളിലും മിസൈലുകൾ പതിച്ച് വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇസ്രായേലിൻ്റെ അയൺ ഡോം, ആരോ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ ഭൂരിഭാഗം മിസൈലുകളെയും തടഞ്ഞെങ്കിലും, ചില ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധം ഭേദിച്ച് ജനവാസ മേഖലകളിൽ പതിച്ചതാണ് ഇത്രയും നാശനഷ്ടങ്ങൾക്ക് കാരണമായത്.


