വാഷിങ്ടൺ: ഗാസയിൽ സമാധാനം സ്ഥാപിക്കാനും, പുനർനിർമ്മാണത്തിനും വേണ്ടി രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ എന്ന പുതിയ അന്താരാഷ്ട്ര സംഘടനയിൽ സഹകരിക്കാൻ ഇന്ത്യയെയും ക്ഷണിച്ച് യുഎസ്. ഗാസയിലെ ഭരണം ഏകോപിപ്പിക്കുക, ധനസഹായം ലഭ്യമാക്കുക, ഇസ്രായേൽ-ഹമാസ് സംഘർഷത്തിനു ശേഷം ഗാസയെ സമാധാനത്തിലേക്കും വികസനത്തിലേക്കും നയിക്കുക എന്നിവയാണ് ഈ സംഘടനയുടെ ലക്ഷ്യം. പലസ്തീനും ഇസ്രയേലിനും സ്വീകര്യമായ രാജ്യം എന്ന നിലയ്ക്കാണ് ഇന്ത്യയെ യുഎസ് കാണുന്നത്. ഇസ്രയേലുമായി തന്ത്രപരമായ പങ്കാളിത്തം പിന്തുടരുന്ന ഇന്ത്യ പലസ്തീനു മാനുഷിക പിന്തുണയും സഹായവും നൽകുകയും ചെയ്യുന്നു. ഈജിപ്റ്റ് വഴി ഗാസയിലേക്കു സഹായം അയച്ച രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നു.
ഒക്ടോബർ 10-ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന് പിന്നാലെ ഗാസയിലെ സമാധാന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനാണ് ബോർഡ് രൂപീകരിച്ചിരിക്കുന്നത്. യു.എസ് പിന്തുണയുള്ള 20 ഇന സമാധാന പദ്ധതിയുടെ ഭാഗമാണിത്. ഗാസയിൽ പുതിയ പാലസ്‌തീൻ കമ്മിറ്റി സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുക, മേഖലയിൽ അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുക, ഹമാസിനെ നിരായുധീകരിക്കുക, യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക മുതലായവയുടെ മേൽനോട്ടമാണ് ബോർഡ് ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.
ബോർഡിൽ സ്ഥിര അംഗത്വം നേടുന്നതിന് 100 കോടി ഡോളർ സംഭാവന നൽകണമെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ സമാഹരിക്കുന്ന തുക ഗാസയുടെ പുനർനിർമാണത്തിനായി മാറ്റിവെക്കും. എന്നാൽ മൂന്ന് വർഷത്തെ താൽകാലിക അംഗത്വത്തിന് സാമ്പത്തിക നിബന്ധനകൾ ഒന്നുമില്ല. ഇന്ത്യയെ കൂടാതെ ജോർദാൻ, ഗ്രീസ്, സൈപ്രസ്, പാക്കിസ്ഥാൻ, കാനഡ, തുർക്കി, ഈജിപ്റ്റ് തുടങ്ങിയ നിരവധി രാജ്യങ്ങളെ ബോർഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അംഗങ്ങളുടെ അന്തിമ പട്ടിക സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വച്ച് പ്രഖ്യാപിക്കും
യുഎസ് പ്രസിഡന്റ് ട്രംപ് രൂപീകരിക്കുന്ന ഈ സംഘടനയെ ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഒരു പുതിയ അന്താരാഷ്ട്ര വേദിയാക്കി മാറ്റാൻ പദ്ധതിയുള്ളതായും സൂചനയുണ്ട്. ഗാസ സമാധാനത്തിലേക്കും വികസനത്തിലേക്കും മാറുന്നതിൽ തന്ത്രപരമായ മേൽനോട്ട വഹിക്കുക ഈ സംഘടനയായിരിക്കുമെന്ന് വൈറ്റ് ഹൗസ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയെ അയൽ രാജ്യങ്ങൾക്ക് ഭീഷണിയാകാത്ത, തീവ്രവാദമുക്തമായ ഒരു മേഖലയാക്കി മാറ്റുക എന്നത് ഈ കർമപരിപാടിയുടെ പ്രധാന ഭാഗമാണ്.
അതേസമയം ഗാസയിലെ സമാധാന സമിതി അംഗങ്ങളെ തിരഞ്ഞെടുത്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എതിർത്തിരുന്നു. നിയമനങ്ങൾ ഇസ്രയേലുമായി ആലോചിച്ചല്ല നടത്തിയതെന്നും രാജ്യത്തിൻ്റെ നയങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ആരോപണം.
യുഎസിനെ തീരുവകൊണ്ടുതന്നെ തിരിച്ചടിച്ച് ഇന്ത്യ; ട്രംപ് ഇടപെടണമെന്ന് സെനറ്റർമാർ.



