വാഷിങ്ടൺ: ഇറാനെതിരെ പുതിയ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് യു.എസ്. ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയ ഇറാൻ്റെ ഉന്നതതല ഉദ്യോഗസ്ഥർക്കെതിരെ യു.എസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ അടുത്ത അനുയായിയും ദേശീയ സുരക്ഷ കൗൺസിൽ തലവനുമായ അലി ലാരിജാനി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയാണ് ഉപരോധം. പ്രക്ഷോഭത്തിനെതിരെ നടപടി ഏകോപിപ്പിച്ചത് ലാരിജാനിയാണെന്ന് യു.എസ് ട്രഷറി വകുപ്പ് ആരോപിച്ചു.
ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡിൻ്റെ കമാൻഡർമാർക്കെതിരെയും നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരോധത്തിൽ ഉൾപ്പെട്ടവർക്ക് അമേരിക്കയുമായി സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയില്ല. ഇറാൻ എണ്ണ വിൽപനയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന യു.എ.ഇയിലെ സ്ഥാപനങ്ങൾക്കെതിരെയും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെ സുരക്ഷ പങ്കാളിയായ യു.എ.ഇയുടെ സഹായത്തോടെയാണ് സാമ്പത്തിക ഇടപാടുകൾ നടത്തി ഉപരോധങ്ങളെ ഇറാൻ മറികടന്നിരുന്നത്.
അതേസമയം ആഭ്യന്തര പ്രക്ഷോഭത്തിൽ ഇതുവരെ 5000 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ. ഇതിൽ 500 ഓളം പേർ സുരക്ഷാ ജീവനക്കാരാണെന്നാണ് വിവരം. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥനാണ് കണക്കുകൾ പുറത്തുവിട്ടത്. തീവ്രവാദികളും സായുധരായ കലാപകാരികളും നിരായുധരായ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ക്രൂരമായ ആക്രമണം ആണ് ഇറാനിൽ നടന്നതെന്നാണ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. ഇനിയും മരണ സംഖ്യ ഉയർന്നേക്കാമെങ്കിലും വലിയ തോതിൽ ഉയരില്ലെന്നും ഇദേഹത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ 15,000 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
പ്രതിഷേധക്കാർക്കെതിരെ അക്രമാസക്തമായ നടപടി സ്വീകരിച്ചാൽ ഇറാനെ ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലിൻ്റെയും ഇറാനെ ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭയക്കുന്ന ചില ഗൾഫ് രാജ്യങ്ങളുടെയും ഇടപെടലിനെ തുടർന്നാണ് ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് ട്രംപ് തൽകാലം പിൻമാറിയത്. എന്നാൽ ഭാവിയിൽ മേഖലയിൽ സൈനിക ശക്തി വ്യാപിച്ചാൽ ഇറാനെ അമേരിക്ക ആക്രമിക്കാൻ സാധ്യതയുണ്ടാകുമെന്ന് ഗൾഫ് രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന.



