Mantis Partners Sydney
Wednesday, March 11, 2026
Mantis Partners Sydney
Home » ഇറാനെതിരെ ആക്രമണം ശക്തമാക്കി അമേരിക്കയും ഇസ്രയേലും; വേണ്ടി വന്നാൽ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്.
ഹോര്‍മുസ് കടലിടുക്ക്

ഇറാനെതിരെ ആക്രമണം ശക്തമാക്കി അമേരിക്കയും ഇസ്രയേലും; വേണ്ടി വന്നാൽ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്.

by Editor
Send your news and Advertisements

ടെഹ്‌റാൻ: ഇറാൻ- ഇസ്രയേൽ അമേരിക്ക സംഘർഷ സാഹചര്യത്തിൽ അയവില്ല. എണ്ണ വിതരണമടക്കം തടസ്സപ്പെട്ട് തുടങ്ങിയതോടെ ഇറാനെതിരായ ആക്രമണം അമേരിക്ക കൂടുതൽ ശക്തമാക്കി. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് ഇന്നലെ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയത്. ടെഹ്‌റാനിലെ ആണവ ഗവേഷണ കേന്ദ്രങ്ങൾ, ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ (IRGC) ആസ്ഥാനം, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ മൈൻ നിക്ഷേപക കപ്പലുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ (IRGC) നിരവധി ഉന്നത ഉദ്യോഗസ്ഥർ ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും വാർത്തകളുണ്ട്.

അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ നീക്കങ്ങൾ തുടരുകയോ എണ്ണക്കപ്പലുകളെ ആക്രമിക്കുകയോ ചെയ്‌താൽ ഹോർമുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തിയാൽ അത് ആ രാജ്യത്തിൻ്റെ അന്ത്യമായിരിക്കും. പിന്നീട് ആ പേര് ആരും കേൾക്കില്ലെന്നും അദേഹം ആവർത്തിച്ചു. ഇറാനെതിരെ ഏറ്റവും തീവ്രമായ ആക്രമണം നടത്തുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.

അമേരിക്കയുടെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും രംഗത്തെത്തി. അമേരിക്കയുടെയോ ഇസ്രയേലിൻ്റെയോ ആക്രമണം തുടരുകയാണെങ്കിൽ മേഖലയിൽ നിന്ന് ഒരു ലിറ്റർ എണ്ണ പോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്നാണ് ഇറാന്റെ ഭീഷണി. ചൈനയുടെ പിന്തുണ പരിഗണിച്ച് അവരുടെ കപ്പലുകൾക്ക് മാത്രം കടന്നുപോകാൻ അനുമതി നൽകുമെന്ന് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് (IRGC) അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ആകെ എണ്ണ വിതരണത്തിൻ്റെ 20 ശതമാനവും കടന്നു പോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്.

ലോകത്തെ എണ്ണ നീക്കത്തിന്റെ പ്രധാന കവാടമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ നിക്ഷേപിച്ചതായും, ഇത് നീക്കം ചെയ്യാൻ അമേരിക്കൻ കപ്പലുകൾ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനെതിരെ കനത്ത സൈനിക പ്രത്യാഘാതമുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിടുക്ക് ഔദ്യോഗികമായി അടച്ചതായി ഇറാൻ അവകാശപ്പെടുന്നുണ്ടെങ്കിലും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം കപ്പൽ ഗതാഗതം ഏകദേശം 97% കുറഞ്ഞു. മിക്ക വാണിജ്യ കപ്പലുകളും ആക്രമണ ഭീഷണി ഭയന്ന് ഈ പാത ഒഴിവാക്കുകയാണ്. കപ്പലുകൾക്ക് അകമ്പടി സേവിക്കുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നുണ്ടെങ്കിലും നിലവിൽ അത്തരം നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്ന് ആണ് റിപ്പോർട്ടുകൾ.

യുദ്ധം 12-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഇറാൻ ഇസ്രായേലിലേക്ക് മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. ഇതിൽ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ നൂറുകണക്കിന് ഡ്രോണുകളാണ് ഇറാൻ ഒരേസമയം തൊടുത്തുവിട്ടത്.

ബഹ്റൈന്റെ തലസ്‌ഥാനമായ മനാമയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബഹ്റൈൻ പൗരയായ 28കാരിയാണ് കൊല്ലപ്പെട്ടത്. എട്ടു പേർക്കു പരുക്കേറ്റു. മനാമയിലെ ജനവാസ മേഖല ലക്ഷ്യമാക്കിയാണ് ആക്രമണം. ഇറാൻ-ഇസ്രയേൽ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. യുഎഇയുടെ യുഎൻ പ്രതിനിധി ജമാൽ ജമാ അൽ മുഷാറഖ് ഐക്യരാഷ്ട്രസഭയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം. നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും വ്യക്‌തമാക്കി. യുദ്ധം നീണ്ടുനിൽക്കുന്നത് ആഗോള എണ്ണ വിപണിയെയും ഗൾഫ് മേഖലയുടെ സാമ്പത്തിക സുസ്‌ഥിതിയെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്‌താബ ഖൊമേനിക്ക് പരുക്ക്

You may also like

error: Content is protected !!