തായ്‌ലൻഡ് – കംബോഡിയ അതിർത്തിയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎൻ സുരക്ഷാ സമിതി അടിയന്തര യോഗം ചേർന്നു. തായ്‌ലൻഡ് അധികൃതർ കംബോഡിയയുമായുള്ള അതിർത്തിയിലെ എട്ടു ജില്ലകളിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന ഏറ്റുമുട്ടലിൽ 20 പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. 130000 പേരോളം അതിർത്തി ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്‌തിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ തായ്‌ലൻഡ് കംബോഡിയയിലേക്കുള്ള അതിർത്തിപാതകൾ അടച്ചു. ഇരുരാജ്യങ്ങളും അംബാസഡർമാരെ തിരിച്ചുവിളിച്ചു. അതിർത്തി പ്രദേശങ്ങളിൽനിന്ന് തായ്‌ലൻഡ് ജനങ്ങളെ ഒഴിപ്പിച്ചു. സഞ്ചാരികള്‍ ജാഗ്രത പുലർത്തണമെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.
തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ തായ്‌ലൻഡിലെ ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. തുടർന്നാണ് സുരക്ഷ മുൻനിർത്തി ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിലെ സാഹചര്യം കണക്കിലെടുത്ത് തായ്‌ലൻഡിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരൻമാർ ടാറ്റ് ന്യൂസ് റൂം ഉൾപ്പെടെയുള്ള തായ് ഔദ്യോഗിക സ്രോതസുകൾ പരിശോധിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.
ഉബോൺ റാറ്റ്ചത്താനി, സുരിൻ, സിസകെറ്റ്, ബുരിറാം, സാ കായോ, ചന്തബുരി, ട്രാറ്റ് എന്നിങ്ങനെ ഏഴ് പ്രവിശ്യകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്നാണ് ടാറ്റ് ന്യൂസ് റൂം പങ്കുവയ്ക്കുന്ന വിവരം. ഫു ചോങ്നാ യോയി ദേശീയോദ്യാനം, പ്രസാത് ത മുയെൻ തോം ക്ഷേത്രം, ചോങ് ചോം, ബാൻ ഹാറ്റ് ലെക് എന്നിവ സന്ദർശിക്കുന്നത് സുരക്ഷിതമല്ലെന്നും ടാറ്റ് ന്യൂസ് റൂം അഭിപ്രായപ്പെടുന്നു.
തായ്‌ലൻഡ് -കംബോഡിയ സംഘർഷത്തിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ. അതിർത്തി തർക്കത്തെ തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.
ബുധനാഴ്ച നടന്ന ലാൻഡ്മൈൻ സ്ഫോടനത്തിൽ അഞ്ച് തായ് സൈനികർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. പൊട്ടിത്തെറിച്ചത് പുതിയതായി സ്ഥാപിച്ച റഷ്യൻ നിർമ്മിത മൈനുകളാണെന്നാണ് തായ്‌ലൻഡിന്റെ ആരോപണം. പ്രത്യാക്രമണമായി തായ് യുദ്ധവിമാനങ്ങൾ കംബോഡിയൻ പ്രദേശങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.
ദീർഘനാളായി തുടരുന്ന അതിർത്തി തർക്കങ്ങളുടെ തുടർച്ചയായാണ് സംഘർഷം. 817 കിലോമീറ്റർ കര അതിർത്തി ഇരുരാജ്യങ്ങളും പങ്കിടുന്നുണ്ട്. കംബോഡിയയും തായ്‌ലൻഡും ലാവോസും കൂടിച്ചേരുന്ന എമറാൾഡ് ട്രയാംഗിൾ എന്ന പോയിന്റിനു സമീപമുണ്ടായ വെടിവയ്‌പ്പിൽ കഴിഞ്ഞ മേയിൽ കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ചില തായ് ഉൽപന്നങ്ങൾക്ക് കംബോഡിയ വിലക്കേർപ്പെടുത്തി. കംബോഡിയൻ സ്ഥാനപതിയെ തായ്‌ലൻഡ് പുറത്താക്കി. അടുത്തിടെ ചില അതിർത്തികളിൽ സൈനികർ തമ്മിൽ വെടിവയ്‌പ്പും ഉണ്ടായി. തായ്‌ലൻഡ് സൈന്യത്തിന്റെ ആക്രമണം പ്രതിരോധിക്കുകയാണ് തങ്ങൾ ചെയ്‌തതെന്ന് കംബോഡിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ കംബോഡിയയാണ് ആദ്യം ആക്രമിച്ചതെന്ന് തായ്‌ലൻഡ് സൈന്യം ആരോപിച്ചു.