Thursday, January 29, 2026
Mantis Partners Sydney
Home » ട്രംപിന്‍റെ ഗാസ ‘ബോർഡ് ഓഫ് പീസി’ൽ യുഎഇ അംഗമാകും; നിലപാട് വ്യക്തമാക്കാതെ ഇന്ത്യ.
ട്രംപിന്‍റെ ഗാസ ‘ബോർഡ് ഓഫ് പീസി'ൽ യുഎഇ അംഗമാകും; നിലപാട് വ്യക്തമാക്കാതെ ഇന്ത്യ.

ട്രംപിന്‍റെ ഗാസ ‘ബോർഡ് ഓഫ് പീസി’ൽ യുഎഇ അംഗമാകും; നിലപാട് വ്യക്തമാക്കാതെ ഇന്ത്യ.

by Editor

ദുബായ്:  ഗസ്സ സമാധാന ബോര്‍ഡില്‍ അംഗമാകാനുള്ള യുഎസ് ക്ഷണം സ്വീകരിച്ച് യുഎഇ. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സമാധാന ബോര്‍ഡില്‍ ചേരാനുള്ള അമേരിക്കയുടെ ക്ഷണം സ്വീകരിച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗസ്സയിലെ ജനങ്ങളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎഇ വ്യക്തമാക്കി.

യുദ്ധക്കെടുതി അനുഭവിക്കുന്ന ഗാസയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി അമരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സമിതിയിലാണ് യു എ ഇ ഭാഗമാകുന്നത്. നേരത്തെ യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമിയെ ഗാസ എക്സിക്യൂട്ടീവ് ബോര്‍ഡ്അംഗമായി നിയമിച്ചിരുന്നു. ഗാസയുടെ പുനര്‍ നിര്‍മാണം ലക്ഷ്യമിട്ട് കഴിഞ്ഞ ആഴ്ചയാണ് ട്രംപ് ഗസ്സ സമാധാന ബോര്‍ഡ് രൂപീകരണം പ്രഖ്യാപിച്ചത്. 60 രാജ്യങ്ങള്‍ക്ക് ആണ് ആകെ ക്ഷണമുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡോണള്‍ഡ് ട്രംപ് കത്തയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഗാസയിലെ സ്ഥിതി മുൻനിർത്തിയാണ് ‘ബോർഡ് ഓഫ് പീസ്’ മുന്നോട്ട് വച്ചതെങ്കിലും ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്ന സംവിധാനം എന്ന നിലയ്ക്കാണ് ട്രംപ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. സംഘർഷമുള്ളതോ സംഘർഷ ഭീഷണി നേരിടുന്നതോ ആയ പ്രദേശങ്ങളിൽ സ്ഥിരത കൈവരുത്തുന്നതിനും നിയമാനുസൃതമായ ഭരണം പുനഃസ്ഥാപിക്കുന്നതിനും ദീർഘകാല സമാധാനം ഉറപ്പാക്കുന്നതിനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടന എന്നാണ് അറുപതോളം രാജ്യങ്ങൾക്ക് യു എസ് അയച്ച കരട് പ്രമാണരേഖയിൽ ബോർഡ് ഓഫ് പീസിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ട്രംപിന്റെ നീക്കത്തോട് പല രാജ്യങ്ങളും കരുതലോടെയാണ് പ്രതികരിക്കുന്നത്. ട്രംപിന്റെ അടുത്ത സഖ്യകക്ഷിയായ ഹംഗറി മാത്രമാണ് നിലവിൽ ഈ സമിതിയിലേക്ക് ആദ്യം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ യു എ ഇയും പിന്തുണ പ്രഖ്യാപിച്ചത്. സമിതിയിൽ തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളെ ഉൾപ്പെടുത്തിയതിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെ നിലപാട് നിരീക്ഷിച്ച‌ായിരിക്കും ഇന്ത്യ ബോർഡ് ഓഫ് പീസിൽ ചേരണോ എന്നതിൽ തീരുമാനമെടുക്കുക.

യുഎഇ പ്രസിഡന്‍റിന്‍റെ മൂന്ന് മണിക്കൂർ ഇന്ത്യാ സന്ദർശനം; നിർണ്ണായക കരാറുകൾ

Send your news and Advertisements

You may also like

error: Content is protected !!