ന്യൂ ഡൽഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂന്ന് മണിക്കൂർ നീണ്ട ഇന്ത്യാ സന്ദർശനത്തിൽ നിർണ്ണായക കരാറുകൾ. നിരവധി കരാറുകളിലാണ് 3 മണിക്കൂറിൽ ഇരു രാജ്യങ്ങളും ധാരണയായത്. ഊർജ്ജ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം ആധുനിക ന്യൂക്ലിയർ സാങ്കേതികവിദ്യ, എ ഐ (AI), ശൂന്യാകാശ ഗവേഷണം, പ്രതിരോധം എന്നീ മേഖലകളിൽ കൈകോർക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.
ഇന്ത്യയുടെ ദീർഘകാല ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ യുഎഇയുടെ പങ്ക് വർദ്ധിപ്പിക്കുന്ന സുപ്രധാനമായ 10 വർഷത്തെ എൽഎൻജി വിതരണ കരാർ ഈ കൂടിക്കാഴ്ചയിൽ പ്രഖ്യാപിക്കപ്പെട്ടു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും അഡ്നോക് ഗ്യാസും തമ്മിലുള്ള ഈ കരാർ പ്രകാരം 2028 മുതൽ പ്രതിവർഷം 0.5 ദശലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം ഇന്ത്യയ്ക്ക് ലഭിക്കും. 2030 ഓടെ ഉഭയകക്ഷി വ്യാപാരം 200 ബില്യൺ ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമ്പത്തിക ബന്ധം കൂടുതൽ വിപുലീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.
കാർഷിക ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി വർദ്ധിപ്പിക്കാനുള്ള തീരുമാനം ഇന്ത്യൻ കാർഷിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകും. ഗുജറാത്തിലെ ധോലേര സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് റീജിയണിൽ വിമാനത്താവളം, തുറമുഖം, സ്മാർട്ട് സിറ്റി എന്നിവയുടെ വികസനത്തിൽ യുഎഇ പങ്കാളിയാകും. യു എ ഇയിലെ ഫസ്റ്റ് അബുദാബി ബാങ്ക്, ഡി പി വേൾഡ് (D P World) എന്നിവയുടെ ഓഫീസുകൾ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ തുറക്കാനും തീരുമാനമായി. ആദ്യമായി സിവിൽ ആണവ സഹകരണ മേഖലയിലേക്കും ഇരുരാജ്യങ്ങളും കടക്കുകയാണ്. അത്യാധുനിക ആണവ സാങ്കേതികവിദ്യകൾ, സ്മോൾ മോഡുലാർ റിയാക്ടറുകൾ എന്നിവ വികസിപ്പിക്കുന്നതിൽ സഹകരിക്കാൻ തീരുമാനമായി. സാങ്കേതിക മേഖലയിൽ, ഇന്ത്യയിൽ ഒരു സൂപ്പർ കമ്പ്യൂട്ടിങ് ക്ലസ്റ്റർ സ്ഥാപിക്കാനും ‘ഡിജിറ്റൽ എംബസികൾ’ എന്ന പുതിയ ആശയം പരീക്ഷിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു.
യു എ ഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദി അദ്ദേഹത്തെ സ്വീകരിച്ചത്. രണ്ടു പേരും ഒരേ കാറിലാണ് പ്രധാനമന്ത്രിയുടെ വസതിയായ എഴ് ലോക് കല്ല്യാൺ മാർഗിലേക്ക് പോയത്. സഹോദരൻ എന്നാണ് ഷെയ്ക് മൊഹമ്മദിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യ – യു എ ഇ ബന്ധം ശക്തമായി നിലനിറുത്തുന്നതിന് ഷെയ്ഖ് മുഹമ്മദ് കാണിക്കുന്ന താല്പര്യത്തെ മോദി പ്രകീർത്തിച്ചു. പ്രതിരോധ മേഖലയിൽ ഒരു ‘സ്ട്രാറ്റജിക് ഡിഫൻസ് പാർട്ണർഷിപ്പ്‘ കെട്ടിപ്പടുക്കുന്നതിനായുള്ള താൽപ്പര്യപത്രം ഒപ്പുവെച്ചു. ഭീകരവാദത്തെയും ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നേതാക്കൾ ഒരേസ്വരത്തിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ വീട്ടിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഷെയ്ഖ് മുഹമ്മദ് മടങ്ങിയത്.



