മെൽബൺ: വിക്ടോറിയയിലെ മെൽട്ടണിനടുത്തുള്ള കോബിൾബാങ്കിൽ 12 -ഉം 15 -ഉം വയസ്സുള്ള രണ്ട് ആൺകുട്ടികൾ കുത്തേറ്റു മരിച്ചു. ശനിയാഴ്ച രാത്രി 8 മണിക്ക് കോബിൾബാങ്കിലെ മാർബിൾ ഡ്രൈവിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. 12 വയസ്സുള്ള ഗുരുതരമായി പരുക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും സംഭവ സ്ഥലത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. കുറച്ചു സമയത്തിനുശേഷം, കോബിൾ സ്ട്രീറ്റിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയിൽ ഡൗ അകുയെങ് എന്ന 15 വയസ്സുള്ള ഒരു ആൺകുട്ടിയെ കൂടി പോലീസ് കണ്ടെത്തി. അയാളും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
രണ്ട് ആക്രമണങ്ങളിലും ഉൾപ്പെട്ട കുറ്റവാളികളെ തിരയുകയാണെന്ന് പോലീസ് അറിയിച്ചു. മുഖംമൂടി ധരിച്ച കുറ്റവാളികളുടെ ഒരു സംഘമാണ് കൊലപാതകം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നതായി പോലീസ് അറിയിച്ചു. അവരുടെ കൈവശം വാക്കത്തികൾ ഉണ്ടായിരുന്നതായും ഒരു വാഹനത്തിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും ദൃശ്യങ്ങൾ വ്യക്തമാക്കുന്നു എന്നും പോലീസ് പറഞ്ഞു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെങ്കിലും, ആക്രമണങ്ങൾക്ക് പിന്നിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന യുവജന സംഘങ്ങൾ ആണെന്നാണ് പോലീസ് നൽകുന്ന സൂചന.