വാഷിംഗ്ടൺ: അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ ചൈന സമുദ്രാതിർത്തിയിൽ തകർന്നുവീണു. ഹെലികോപ്പ്റ്ററും ഫ്ളൈറ്റ് ജറ്റുമാണ് തകർന്നത്. യുഎസ് നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്. ആളപായമില്ല. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെയാണ് അപകടം.
വിമാന വാഹിനിയായ യു.എസ്.എസ് നിമിറ്റ്സിൽ നിന്ന് നിരീക്ഷണ പറക്കൽ നടത്തുമ്പോഴാണ് എം.എച്ച് 60 ആർ സീ ഹോക് ഹെലികോപ്റ്റർ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.45-ന് കടലിൽ തകർന്നു വീണത്. മൂന്നു പേരെ രക്ഷപ്പെടുത്തി. 30 മിനിട്ടുകൾക്ക് ശേഷമാണ് ബോയിങ് എഫ്.എ 18 എഫ് സൂപ്പർ ഹോണറ്റ് വിമാനം തകർന്നു വീണത്. പൈലറ്റുമാരെ രക്ഷപ്പെടുത്തി. വ്യത്യസ്‌ത സമയങ്ങളിൽ നടന്ന അപകടങ്ങളെക്കുറിച്ച് യു.എസ് നേവി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യു.എസ്.എസ് നിമിറ്റ്സ് എന്ന വിമാന വാഹിനി കപ്പലിന്റെ ഭാഗമായിരുന്നു തകർന്ന എം.എച്ച് 60 ആർ സീ ഹോക് എന്ന ഹെലികോപ്‌ടർ. അമേരിക്കൻ സേനയിലെ പഴക്കമുള്ള വിമാന വാഹിനിയാണ് നിമിറ്റ്സ്. ഏഷ്യൻ സന്ദർശനത്തിനിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അപകടം. ദക്ഷിണ കൊറിയയിൽ വച്ച് വ്യാഴാഴ്‌ചയാണ് ഇരു നേതാക്കളുമായുള്ള കൂടിക്കാഴ്ച.



