മെൽബൺ: വിക്ടോറിയയിലെ പോർപങ്ക (Porepunkah) -യിൽ നടന്ന വെടിവെയ്പ്പിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു. ഇന്ന് (ചൊവ്വാഴ്ച) രാവിലെ 10.30 ഓടെ മെൽബണിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ വടക്കുകിഴക്കായി പോർപങ്കയിലെ ഒരു വസതിയിൽ തിരച്ചിലിനിടെയാണ് പൊലീസുകാർക്കു നേർക്ക് ആക്രമണം ഉണ്ടായത്. ആക്രമി നടത്തിയ വെടിവെയ്പ്പിൽ രണ്ടു പേര് കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു എന്ന് വിക്ടോറിയ പോലീസ് അറിയിച്ചു. പരുക്കേറ്റ ഉദ്യോഗസ്ഥനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
59 വയസ്സുള്ള ഒരു ഡിറ്റക്ടീവും 35 വയസ്സുള്ള ഒരു സീനിയർ കോൺസ്റ്റബിളുമാണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥർ എന്ന് വിക്ടോറിയ പോലീസ് ചീഫ് കമ്മീഷണർ മൈക്ക് ബുഷ് ചൊവ്വാഴ്ച വൈകുന്നേരം വാൻഗരട്ടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊലയാളിക്കായി തിരച്ചിൽ നടക്കുകയാണെന്നും പോലീസ് അറിയിച്ചു. തിരച്ചിലിന്റെ ഭാഗമായി നൂറുകണക്കിന് ഉദ്യോഗസ്ഥരെ പട്ടണത്തിലും പരിസരപ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട് എന്നും ഹെലികോപ്റ്റർ സഹായം അവർക്കു ലഭിക്കുന്നുണ്ട് എന്നും പോലീസ് അറിയിച്ചു.
പോർപങ്കയിലും പരിസര പ്രദേശങ്ങളിലുമുള്ള പൊതുജനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീടിനുള്ളിൽ തന്നെ തുടരണമെന്നും, ആ പ്രദേശത്തേക്ക് യാത്ര ചെയ്യരുതെന്നും പോലീസ് ആവശ്യപ്പെട്ടു. ഏകദേശം 1,000 ത്തോളം പേര് താമസിക്കുന്ന ചെറിയ ഒരു ഗ്രാമീണ പട്ടണം ആണ് പോർപങ്ക